ആലപ്പുഴ: നഗരത്തിലെ ഇടവഴികളില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചതോടെ ജനങ്ങള്‍ മൂക്കുപൊത്തുന്നു. മാലിന്യ നിക്ഷേപം വര്‍ധിച്ചിട്ടും ഇതുകാണേണ്ട നഗരസഭയാകട്ടെ കണ്ണുപൊത്തിയിരിക്കുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. നഗരത്തിലെ പ്രധാന പാതയോരങ്ങളിലും കനാലുകളിലും നിരീക്ഷണം ശക്തമാക്കിയതോടെ മാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും ഇടവഴികള്‍ മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പുലര്‍ച്ചെയും രാത്രികാലങ്ങളിലുമായി പ്ലാസ്റ്റിക് കിറ്റുകളും ചാക്കുകളിലുമായി നിറച്ച മാലിന്യങ്ങള്‍ ഇരുചക്രവാഹനങ്ങളിലെത്തിയാണ് ഇത്തരം പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത്.
പല സ്ഥലങ്ങളിലും അറവുമാലിന്യങ്ങളും ഇത്തരത്തില്‍ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെ വീടിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന മാലിന്യ കിറ്റുകള്‍ കൊണ്ട് നഗരത്തിലെ പല പ്രദേശങ്ങൡലെയും ജനങ്ങള്‍ വലയുകയാണ്. മുന്‍കാലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ നഗരസഭ സ്വീകരിക്കുകയും കാമറ നിരീക്ഷണമടക്കമുള്ളവ നടത്തുകയും ചെയ്തിരുന്നു.
കൂടാതെ ഗാര്‍ഹിക മാലിന്യങ്ങള്‍ വീടുകളില്‍ സംസ്കരിക്കുന്നതിന് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട സ ൗകര്യങ്ങള്‍ ചെയ്യുകയും നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുകുയം ചെയ്തതോടെ നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് താത്കാലികമായ പരിഹാരമുണ്ടായിരുന്നു.
എയറോബിക് യൂണിറ്റുകളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് നല്‌കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്കുന്നതിന് താത്പര്യമെടുക്കാത്തവരാണ് മാലിന്യങ്ങള്‍ വീണ്ടും പാതയോരങ്ങളില്‍ നിക്ഷേപിക്കുന്നത്. രാജ്യത്തെ ശുചിത്വ നഗരസഭയ്ക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി മാസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ നഗരത്തിലെ ഇടവഴികള്‍ മാലിന്യ കേന്ദ്രങ്ങളായെങ്കിലും ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ ജാഗ്രത കാണിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.