കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമിറുളിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യാപേക്ഷ വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്. പോലീസ് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെ ചോദ്യംചെയ്യലും തെളിവു ശേഖരണവും കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും അമിറുളിന്റെ ജാമ്യാപേക്ഷയിലുണ്ട്.
ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയു|െന്ന് കാണിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അന്യസംസ്ഥാനക്കാരനായ പ്രതി കേരളം വിട്ടുപോകാനുള്ള സാധ്യതകളുണ്ടെന്നും ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 16 നാണ് അമിറുളിനെ പോലീസ് അറസ്റ്റ് ചെയ്തത്.