ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വ്യവസായമാക്കണം: മമ്മൂട്ടി

ekm-krishiകൊച്ചി: ജൈവകൃഷി പ്രോത്സാ ഹിപ്പിക്കാന്‍ കൃഷിയെ സര്‍ക്കാര്‍ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് നടന്‍ മമ്മൂട്ടി. സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി വിളവെടുത്ത കാര്‍ഷികോത്പന്നങ്ങളുടെ വിഷു വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജൈവ കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ കൂടി കടമയാണ്. ഇതിനായി തരിശുനിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിശേഷ ദിവസങ്ങളില്‍ മാത്രമല്ലാതെ എല്ലാദിവസവും ജൈവ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകണം. ജൈവ കൃഷിക്ക് ചെലവു കൂടുന്നതിനാല്‍ ഉത്പന്നങ്ങള്‍ക്ക് വിലയും കൂടുതലായിരിക്കും. എങ്കിലും കര്‍ഷകന് പ്രോത്സാഹനം നല്‍കുവാനും ആരോഗ്യം കാത്തു സൂക്ഷിക്കുവാനുമായി അത് വാങ്ങുന്നത് മലയാളികള്‍ ശീലമാക്കണം. ജൈവകൃഷി ഒരു തരംഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കാണ് സ്വയം സഹായ സംഘങ്ങള്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ നഗരത്തിലെ ജനങ്ങള്‍ക്കായി മേളയില്‍ എത്തിച്ചത്. ഒരു കിലോ വെള്ളരിക്ക് 20 രൂപ, അച്ചിങ്ങ 75 രൂപ, പാവയ്ക്ക 40 രൂപ, ഇഞ്ചി 80 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഏത്തയ്ക്ക, മഞ്ഞള്‍, പടവലം, പച്ചമുളക്, ചീര, ചക്ക തുടങ്ങിയവയും വിപണിയിലുണ്ട്.

ജൈവ ജീവിതം പദ്ധതിയുടെ രക്ഷാധികാരിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. കെ.കെ. സുലേഖ മമ്മൂട്ടിയില്‍ നിന്ന് ആദ്യ പച്ചക്കറി കിറ്റ് ഏറ്റുവാങ്ങി. കാഞ്ഞൂര്‍ റോബര്‍ട്ട് വിളയിപ്പിച്ചെടുത്ത ജൈവ മട്ട അരി എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രനും കോരമ്പാടം സര്‍വീസ് സഹകരണ ബാങ്ക് ഗ്രാമിക എന്ന പേരില്‍ വിപണിയിലിറക്കിയ ജൈവ പൊക്കാളി ഉത്പന്നങ്ങള്‍ പ്രഫ. മാത്യു പൈലിയും മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.

സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്, എറണാകുളം ഏരിയാ സെക്രട്ടറി പി.എന്‍. സീനുലാല്‍, എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. അനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ. ജേക്കബ്, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് ടി.കെ. മോഹനന്‍, കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുത്തു.ജൈവ ജീവിതം പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. റനീഷ് സ്വാഗതവും എം. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പള്ളിയാക്കല്‍ സര്‍വീസ് സഹകരണ സംഘം, കോരമ്പാടം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ മൂന്നു സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്നു വൈകുന്നേരം അഞ്ച് മണിവരെ വിപണനമേളയുണ്ടാവും.

Related posts