ടൂറിസം സാധ്യതകളില്‍ കണ്ണുംനട്ട് റാങ്ങിയത്ത് ചിറ

EKM-TOURISAMപെരുമ്പാവൂര്‍: വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുള്ള കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറ റാങ്ങിയത്ത് ചിറ സംരക്ഷിക്കുന്നതോടൊപ്പം വിവിധ ടൂറിസം പദ്ധതികളുമൊരുങ്ങുന്നു. പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസായ റാങ്ങിയത്ത് ചിറയുടെ സംരക്ഷണത്തിലൂടെ വിനോദ സഞ്ചാരമേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന വിവിധ പദ്ധതികള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. ആറര ഏക്കര്‍ വിസൃതിയുള്ള ചിറയും ചിറയോട് ചേര്‍ന്നുള്ള പുറമ്പോക്കും പൂര്‍ണമായും ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു വന്നിട്ടുണ്ട്.

ഇവരുടെ ആവശ്യപ്രകാരം ചിറയോടു ചേര്‍ന്നുള്ള വാച്ചാല്‍ പാടശേഖരത്തിന്റെ അതിരുകള്‍ താലൂക്ക് സര്‍വേയര്‍ അളന്ന് തിട്ടപ്പെടുത്തി. ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി പ്രധാനമന്ത്രിയുടെ കൃഷി സിന്‍ജ യോജന പദ്ധതിയില്‍ പ്രൊജക്ടും സമര്‍പ്പിച്ചുകഴിഞ്ഞു. 30 മീറ്റര്‍ വീതിയില്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള ബണ്ട് നിരപ്പാക്കി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മാണം, ചിറയ്ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍, തണല്‍ മരങ്ങള്‍ എന്നിവ വച്ചു പിടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. പാപ്പന്‍പടി-പടിക്കലപ്പാറ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ചിറയുടെ ഭാഗമായുള്ള തരിശ് ഭൂമിയില്‍ വനിതാ പരിശീലന കേന്ദ്രവും, അംഗനവാടിയും, കളിസ്ഥലവും നിര്‍മിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

ആഫ്രിക്കല്‍ പായല്‍, വള്ളി പായല്‍ എന്നിവ തിങ്ങി നില്‍ക്കുന്ന ചിറ ശുദ്ധീകരിച്ചാല്‍ പെഡല്‍ ബോട്ട് സൗകര്യവും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കാവുന്നതാണ്. അതുപോലെ തന്നെ നീന്തല്‍ പരിശീലന കേന്ദ്രവും ഒരുക്കാനാകും. കനത്ത വേനലില്‍ പോലും ശക്തമായ നീരുറവയുള്ള റാങ്ങിയത്ത് ചിറ കൂവപ്പടി പഞ്ചായത്തിന് വലിയൊരു വരുമാന മാര്‍ഗവുമായി മാറും. ഇതിന് സമഗ്ര വികസനത്തിനായി 66 ലക്ഷം രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയതായി ബ്ലോക്ക് പഞ്ചായത്തംഗം മനോജ് മൂത്തേടന്‍ അറിയിച്ചു.

Related posts