നെടുമങ്ങാട് : നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞിറങ്ങിയതുമായ ഗുണ്ട നേതാവിനെ ഗുണ്ടാസംഘം നടുറോഡില്‍ വെട്ടിപ്പരിക്കേല്പിച്ചു .കരകുളം സ്വദേശി പ്രാവ് എന്നറിയപ്പെടുന്ന വിനോദിനെയാണ് വാളിക്കോട് പെട്രോള്‍ പമ്പിന് സമീപം വെച്ച് കാറിലെത്തിയ ഗുണ്ട സംഘം മാരകമായി വെട്ടിയത് .വെള്ളിയാഴ്ച നാലരയോടെ യാണ് ബൈക്കിന്റെ പിന്നിലിരുന്ന് കരകുളം ഭാഗത്തേയ്ക്ക് പോയ പ്രാവ് വിനോദിനെ പിന്നാലെയെത്തിയ കാറിടിച്ച് തെറിപ്പിച്ചത് . കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി വിനോദിനെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിനെ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വട്ടിയൂര്‍ക്കാവിലുള്ള മൂന്നാംമുറി ഷാജി, സുഗതന് എന്നിവരുടെ നേതൃത്വത്തിലെത്തിയവരാണ് വെട്ടിയതെന്ന് വിനോദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് . മണ്ണിടിപ്പ് കേന്ദ്രങ്ങളില്‍ നടത്തുന്ന പണപ്പിരിവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.അക്രമി സംഘത്തിലെ സുഗതനെ കഴിഞ്ഞയാഴ്ച വിനോദ് അക്രമിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. അരുവിക്കരയില്‍ പാറക്ക്വാറിയുടെ വണ്ടികള്‍ അടിച്ചു പൊട്ടിച്ചതുള്പ്പടെയുള്ള കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.