തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയോരത്തുള്ള ഇ-ടോയ്ലറ്റ് ഉപയോഗശൂന്യമായി. കഴിഞ്ഞ പത്തു ദിവസത്തോളമായി ടോയ്ലറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത തിനാല്‍ നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.
ഒരുവര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് ദേശീയപാതയ്ക്ക് സമീപം ഇത് നിര്‍മിച്ചത്. പ്രതിമാസം ശരാശരി 3,000 രൂപയോളം കളക്ഷന്‍ ലഭിക്കുന്നത് എടുത്തുകൊണ്ടുപോകുന്നതിലപ്പുറം യാതൊരുവിധ അറ്റകുറ്റപ്പണികളും നഗരസഭ സ്വീകരിച്ചിട്ടില്ലെന്ന് ഇതിന് സമീപം പാര്‍ക്ക് ചെയ്യുന്ന ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു.
ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളം ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ തിരുവനന്തപുരത്ത് നിന്നും ടെക്നീഷ്യന്മാര് വരണമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. അവരെ വിവരം ധരിപ്പിക്കുന്നതോടെ സ്വന്തം ഉത്തരവാദിത്വം കഴിഞ്ഞുവെന്ന അധികൃതരുടെ സമീപനത്തില്‍ എതിര്‍പ്പ് രൂക്ഷമാവുന്നുണ്ട്. ബക്രീദ്-ഓണ തിരക്കുകള്‍ക്കിടയില്‍ പ്രാഥമികാവശ്യം നിറവേറ്റാനാവാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചുവരുന്നത്.