പരിയാരം: തളിപ്പറമ്പ്-പരിയാരം ദേശീയപാതയില്‍ ചുടലക്കും കോരന്‍പീടികക്കുമിടയില്‍ അപകടങ്ങള്‍ പതിവായി. കാലവര്‍ഷം ആരംഭിച്ചതോടെ ചെറുതും വലുതുമായ പന്ത്രണ്ടോളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുപ്പം മുതല്‍ വളവുകള്‍ കയറിവരുന്ന വാഹനങ്ങള്‍ ചുടല കയറ്റം കയറിയ ഉടനെ അമിതവേഗതയില്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ പത്തരയോടെ പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ അമിതവേഗതയില്‍ ഓട്ടോ ടാക്‌സിയെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത് റോഡരികിലേക്ക് മറിഞ്ഞുവെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളജിലെ ഒരു രോഗിക്ക് രക്തം നല്‍കാന്‍ പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന അപകടങ്ങളില്‍ മൂന്നോളം വൈദ്യുത പോസ്റ്റുകളാണ് തകര്‍ന്നത്. ഇത് കാരണം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.