കൊല്ലം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഓരോ പഞ്ചായത്തിലും ആസ്തി നിര്‍മ്മാണത്തില്‍ അധിഷ്ഠിതമായ ഒരു മാതൃകാപദ്ധതിയെങ്കിലും തയാറാക്കി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അവലോകനത്തിനായി സംഘടിപ്പിച്ച ബിഡിഒമാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അതത് പഞ്ചായത്തുകള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ തദേശീയമായ സാങ്കേതികവിദ്യയും സാധനസാമഗ്രികളുംഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കണം.
കാര്യക്ഷമമല്ലാത്തപ്രവൃത്തികള് തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കണം. ഇതര പദ്ധതികളില്‍ നടപ്പാക്കി, പൂര്‍ത്തിയാകാതെ കിടക്കുന്ന പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സംയോജിപ്പിച്ച് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. മാതൃകാ ആസ്തിനിര്മ്മാണ പ്രവൃത്തികളും ഇതര പദ്ധതികളുമായി/സംയോജിപ്പിച്ച് നടപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വരള്‍ച്ച നേരിടാനായി കിണര്‍ റീചാര്‍ജിംഗ്, കിണര്‍ കുഴിക്കല്‍, കുളം, മഴക്കുഴി എന്നിവയുടെ നിര്‍മ്മാണം, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുക്കണം.
മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്ന വെര്‍മികമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം. ആംഗന്‍വാടി കെട്ടിടങ്ങള്‍, വ്യക്തിഗത ശൗചാലയങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാം. വേതന വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ. വനജകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രകാശ്, കോഓര്‍ഡിനേറ്റര്‍മാരായ എച്ച്. സഫീര്‍, എസ്. മീനാംബിക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.