ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ സ്വകാര്യ വ്യക്തിയുടെ നിലം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളംകുഴിക്കാന്‍ ഒത്താശ ചെയ്ത വര്‍ക്കെതിരെ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ചിറക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പഞ്ചായത്ത് സെക്ര ട്ടറിയെ ഉപരോധിച്ചു.
തണ്ണീര്‍ത്തട നിയമവും നെല്‍വയല്‍ സംരക്ഷണ നിയമവും അട്ടിമറിച്ചാണ് കുളംകുഴിച്ചതെന്നും ഒന്നര ഏക്കര്‍ നിലത്തില്‍ രണ്ട് കുളങ്ങളാണ് നിര്‍മിക്കാനാരംഭിച്ചതെന്നും കുഴിച്ചെടുത്ത ചെളി നിലം നികത്താനായിരുന്നു പദ്ധതിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി തൊഴില്‍ ചെയ്യുമ്പോള്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും നെല്‍വയല്‍ സംരക്ഷണ നിയമവും അട്ടിമറിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതിയുണ്ടെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നെല്‍വയല്‍ പൂര്‍വ സ്ഥിതിയില്‍ വരുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഉപരോധ സമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മുരളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സുജയ്കുമാര്‍ റാം കുമാര്‍ രാമന്‍, ബിജു വിശ്വരാജന്‍, ദേവദാസ്, ആബാടിരാജശേഖരന്‍ നായര്‍, ശശികുമാര്‍, പി.ബി.വിനോദ്, രഞ്ജിത്ത്, ജി.സന്തോഷ്, ഷാബു, അമല്‍,എ.എസ് കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.