സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് വേദിയാകുന്ന നെയ്യാറിന് തീരത്ത് യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചുവരെഴുത്തും പോസ്റ്ററുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭ ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര നിയോജകമണ് ഡലത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളാണ് എല്ലാ പ്രാവശ്യവും അരങ്ങേറിയിട്ടുള്ളത്.
ഒന്നിലേറെ തവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചവരും പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വന്നിട്ടുള്ള സിറ്റിംഗ് എംഎല്‍എ മാരുമൊക്കെ നെയ്യാറ്റിന്‍കരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ധീരനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജന്മനാടെന്ന ഖ്യാതിയുള്ള നെയ്യാറ്റിന്‍കരയെ നിലവില്‍ പ്രതിനിധീകരിക്കുന്നത് ആര്. ശെല്‍വരാജ് ആണ്. പാറശാലയുടെ തട്ടകത്തില്‍ നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലാണ് അദ്ദേഹം കളം മാറിയെത്തിയത്.
എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ശെല്‍വരാജ് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറി. എംഎല്‍എ സ്ഥാനം രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തെത്തിയത്. 2012 ജൂണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്. ശെല്‍വരാജ് മത്സരിച്ചു. 2011- ല്‍ 6702 വോട്ടുകളുടെ വിജയം നേടിയ ശെല്‍വരാജ് ജയം വീണ്ടും ആവര്‍ത്തിച്ചു. 6,334 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കേരളമൊന്നാകെ ആകാംക്ഷയോടെ വീക്ഷിച്ച ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന്റെ നേട്ടത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന് വധത്തിന്റെ പേരിലുണ്ടായ പ്രതിഷേധവും വിധിയെഴുത്ത് ദിവസം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നടത്തിയ ടിപി യുടെ വീട് സന്ദര്‍ശനവുമൊക്കെ അടങ്ങുന്നു. അന്നത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങളുടെ മുമ്പാകെ നിരത്തിയ വാഗ്ദാന ങ്ങളൊക്കെ പാലിക്കാനായി എന്ന ചാരിതാര്‍ഥ്യ വുമായാണ് ശെല്‍വരാജ് ഈ കാലയളവ് പൂര്‍ത്തിയാക്കുന്നത്. ശെല്‍വരാജ് തന്നെയാണ് ഇക്കുറിയും മത്സരിക്കുക എന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാര്‍ക്കും സംശയമില്ല.
ഔദ്യോഗിക പ്രഖ്യാപനം ആകാത്തതിനാല്‍ പ്രചരണം ആരംഭിച്ചിട്ടില്ലെന്നു മാത്രം. ചുമരുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ചിഹ്നമോ സ്ഥാനാര്‍ഥിയുടെ പേരോ എഴുതിത്തുടങ്ങിയിട്ടില്ല. അതേ സമയം, ദേശീയപാതയിലടക്കം യുഡിഎഫിന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് നേരത്തെ സ്ഥാനം പിടിച്ചു. വളരണം ഈ നാട്, തുടരണം ഈ ഭരണം, ഒരു വട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍ എന്ന് രേഖപ്പെടുത്തിയ ഫ്ളക്സില്‍ ഒരു നേതാവിന്റെയും ചിത്രമില്ലെന്നതും ശ്രദ്ധേയം. യുഡിഎഫ് ഘടകകക്ഷികളുടെ പതാകകളാണ് ചിത്രത്തി ലുള്ളത്.
സിപിഎം നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറി കെ. ആന്‍സലനാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. എന്തു വില കൊടുത്തും ഈ മണ്ഡലം തിരിച്ചു പിടിക്കണമെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി. നെയ്യാറ്റിന്‍കര നഗരസഭയുടെ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് ഇദ്ദേഹം. മണ്ഡലത്തില്‍ ചുവരെഴുത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയോരത്ത് പലയിടത്തും ചുവരെഴുത്ത് ഏറെക്കുറെ പൂര്‍ത്തിയായി. ആന്‍സലന്‍ സ്വാഗതം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററാണ് ആദ്യഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടത്.
വിജയിപ്പിക്കുക എന്ന പോസ്റ്ററാണ് രണ്ടാം ഘട്ടത്തില്‍ പ്രചാരണത്തിനുപയോഗിക്കുക. നഗരസഭയ്ക്കു പുറമേ അതിയന്നൂര്‍ പഞ്ചായത്തിലും ആന്‍സലന്‍ സുപരിചിതനാണ്. യുഡിഎഫ് നടപ്പിലാക്കി എന്ന് അവകാശപ്പെടുന്ന പല വികസന പദ്ധതികളുടെയും പൊള്ളത്തരം ജനങ്ങള്‍ക്കു ബോധ്യമുണ്ടെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വാദം. ബിജെപിയെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥി നിര്‍ണയം അവശേഷിക്കുന്നു. സംസ്ഥാന നേതാക്കളുടെ പേരുകള്‍ക്കു പുറമേ മണ്ഡലം പ്രസിഡന്റ് എന്‍.പി ഹരിയെയും പരിഗണിച്ചു. എന്നാല്‍ ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രനാണ് അന്തിമപട്ടികയില്‍ സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ചുമരെഴുത്തും പോസ്റ്റര്‍ പതിക്കലും ഇനിയും ആരംഭിച്ചിട്ടില്ല.
എന്നാല്‍ ഗൃഹസമ്പര്‍ക്കം മുതലായ പ്രചരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ വികസന പദ്ധതികളും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കാലാവസ്ഥ തങ്ങള്‍ക്കു അനുകൂലമാക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ. നെയ്യാറ്റിന്‍കര നഗരസഭയും അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കുളത്തൂര്‍, കാരോട് എന്നീ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം. എല്‍ഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. അതിയന്നൂര്‍, ചെങ്കല്‍, കാരോട് എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും കുളത്തൂര്‍, തിരുപുറം എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫിനുമാണ് ഭരണം.