ആലക്കോട്: നാളികേരത്തിന്റെ വിലത്തകര്‍ച്ചക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായതോടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ് മലയോരത്തെ നാളികേര കര്‍ഷകര്‍. നാളികേരത്തിന്റെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമായി കൃഷിഭവന് മുഖേന നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണം പാളിയതോടെ ഇവരുടെ രക്ഷാമാര്‍ഗവും അടഞ്ഞു. ആലക്കോട് കൃഷിഭവന് ആസ്ഥാനത്തെ നാളികേര സംഭരണം കൊണ്ട് നാമമാത്രമായ കര്‍ഷകര്‍ക്കു മാത്രമാണ് പ്രയോജനം ലഭിക്കുന്നത്.
ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് കര്‍ഷകരാണ് മാസങ്ങളായി പച്ചത്തേങ്ങ സംഭരണത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. പച്ചത്തേങ്ങ സംഭരിക്കാന്‍ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ കേവലം 16 ടണ്‍ നാളികേരം മാത്രമാണ് ആഴ്ചയില്‍ രണ്ടുദിവസമായി ശേഖരിക്കുന്നത്. കൃഷി ഓഫീസിനു സമീപത്തെ പഞ്ചായത്ത് വക ഷെഡിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്.
രണ്ടുദിവസത്തെ പച്ചത്തേങ്ങ സംഭരണത്തോടെ ഷെഡും സമീപത്തെ സ്റ്റെയര്‍കേസും നിറയും. കേരഫെഡ് ആണ് പച്ചത്തേങ്ങ ഇവിടെനിന്നും സംഭരിക്കേണ്ടത്. ഇതു കൃത്യമായി നടക്കാത്തതിനാലും കൃഷിഭവന് വഴി നടക്കുന്ന സംഭരണം താളംതെറ്റുകയാണ്. ഇതുകാരണം കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ സംഭരണം മുടങ്ങി. ഇതു കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായി. ടോക്കണ്‍ ലഭിച്ച കര്‍ഷകര്‍ തേങ്ങ പൊതിച്ച് കൃഷിഭവനില്‍ എത്തിച്ചപ്പോഴാണ് സംഭരണം നടക്കുന്നില്ലായെന്ന വിവരം അറിയുന്നത്. വാഹനക്കൂലിയും പണിക്കൂലിയും കര്‍ഷകര്‍ക്കു നഷ്ടമായി.
മൂന്നുമാസത്തേക്കുള്ള ടോക്കണ്‍ ബുക്കിംഗായി. ഒക്ടോബര്‍ മാസത്തിലേ ഇനി ടോക്കണ്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. ആയിരക്കണക്കിന് കര്‍ഷകര്‍ നാളികേരം കൃഷിഭവന് വഴി വില്ക്കാന് കാത്തുനില്‍ക്കുമ്പോഴാണ് മാസങ്ങള്‍ക്കു മുമ്പേ ടോക്കണ്‍ വിതരണം അവസാനിപ്പിച്ചത്. കേരഫെഡോ കൃഷിഭവനോ മുന്‍കൈയെടുത്ത് നാളികേര സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുയും കൂടുതല്‍ പച്ചത്തേങ്ങ സംഭരിക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ടോക്കണ്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി കര്‍ഷകരുടെ പതിനായിരക്കണക്കിന് നാളികേരമാണ് വെറുതെ കിടന്നുനശിക്കുന്നത്. പല കൃഷിസ്ഥലങ്ങളിലും നാളികേരം മാസങ്ങളായി കിടന്ന് മുളച്ചുനശിക്കുകയാണ്. നാളികേരത്തിന് വിപണിയില്‍ കിലോയ്ക്ക് 14 രൂപ മാത്രമാണ് ലഭിക്കുന്നത്. കയറ്റുകൂലിയും തേങ്ങ പൊതികൂലിയും കഴിഞ്ഞ് നാളികേര കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്.
രണ്ടു മുതല്‍ മൂന്നു തേങ്ങവരെ കൊടുത്താല്‍ മാത്രമേ ഒരു കിലോക്ക് 14 രൂപ ലഭിക്കൂ. ചുരുക്കത്തില്‍ ഒരു തേങ്ങയ്ക്ക് എല്ലാ ചെലവും കഴിഞ്ഞ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കേവലം രണ്ടു രൂപ മാത്രമാണ്. നാളികേര കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര സഹായം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാളികേര കര്‍ഷകരുടെ ആവശ്യം.