കൂത്തുപറമ്പ്: വേറിട്ട രീതിയില്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം സംഘടിപ്പിക്കുകയാണ് തൊ ക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിവിധ പയര്‍വര്‍ഗങ്ങള്‍ കൊണ്ട് വിഭവങ്ങള്‍ തയാറാക്കലില്‍ മാത്രം പയര്‍ വര്‍ഷാചരണം ഒതുങ്ങുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പയര്‍ വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ ശ്രദ്ധേയമാവുകയാണ് ഈ സ്കൂള്‍. സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പയര്‍ വര്‍ഷാചരണം സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി വന്‍പയര്‍, മണിക്കടല, ഉഴുന്ന്, സോയ പയര്‍, വെള്ളത്തുവര, മുത്താറി തുടങ്ങി ഇരുപത്തിയഞ്ചോളം പയര്‍ വര്‍ഗങ്ങളാണ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ കൃഷി ചെയ്യുന്നത്. സ്കൂളിന്റെ വകയായുള്ള നാല്‍പ്പത് സെന്റു സ്ഥലമാണ് കൃഷിയിടമാക്കിയത്. കൃഷി രീതിയെ കുറിച്ച് കുട്ടികളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഇതേ കുറിച്ച് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നടീല്‍ ഉത്സവം സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതി ഉദ്ഘാടനം ചെയ്തു.എം.പി.ഗീത അധ്യക്ഷയായി. വി.വി.ദിവാകരന്, രാജന് കുന്നുമ്പ്രോന്‍, കെ.കെ മുകുന്ദന്, പി.മോഹനന്, പറമ്പന്‍ പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.