പൂയംകുട്ടി വനത്തില്‍ നായാട്ട്; പ്രതി അറസ്റ്റില്‍

EKM-ARRESTകോതമംഗലം:  പൂയംകുട്ടി വനത്തില്‍ നിന്ന് വന്യജീവികളുടെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി അറസ്റ്റില്‍. എട്ട് കിലോ മ്ലാവ് ഇറച്ചിയും കണ്ടെത്തി. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ തിണ്ണകുത്തിന് സമീപം നിബിഡ വനത്തോട് ചേര്‍ന്ന് താമസിക്കുന്ന തൊണ്ടിങ്ങള്‍ വര്‍ഗീസ്(49)ആണ് വനംവകുപ്പ് പെരുമ്പാവൂര്‍ ഫ്‌ളയിംഗ് സ്ക്വാഡിന്റെ പിടിയിലായത്. പ്രതിയുടെ കൈവശം ആറ് കിലോ പാകം ചെയ്തതും 2 കിലോ ഉണക്കിയതുമായ മ്ലാവ് ഇറച്ചിയും ഉണ്ടായിരുന്നു.

കാട്ടില്‍ മ്ലാവ്,മാന്‍,കൂരന്‍ തുടങ്ങിയ ജീവികളെ നായാട്ട് നടത്തി കിട്ടുന്ന ഇറച്ചി എറണാകുളത്തെ സമ്പന്നര്‍ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തി. ഉറിയംപെട്ടി ആദിവാസികുടിയിലേക്ക് പോകുന്ന വഴി വനാന്തരത്തിലെ നാരകത്തോട് ഭാഗത്ത് നിന്നാണ് പ്രതി മ്ലാവിനെ വെടിവെച്ചതെന്ന് ഫ്‌ളയിംഗ് സ്ക്വാഡ് അധികൃതര്‍ പറഞ്ഞു. പ്രതി നായാട്ടിന് ഉപയോഗിക്കുന്ന തോക്ക് കണ്ടെത്താനുണ്ട്.

ഇടമലയാര്‍-പൂയംകുട്ടി വനത്തില്‍ ആനവേട്ടയെ തുടര്‍ന്ന് 50 ഓളം പ്രതികളെ പിടികൂടുകയും നിരവധി തോക്കുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആനവേട്ട കേസ് ശക്തമായതോടെ വനത്തില്‍ നായാട്ട് നിശ്ചലമായെന്ന വനംവകുപ്പ് കണക്കു കൂട്ടിയിരിക്കെയാണ് വര്‍ഗീസിന്റെ അറസ്റ്റ് നടന്നത്.വനത്തില്‍ ഇപ്പോഴും നായാട്ട് നിര്‍ബാധം തുടരുന്നതിന്റെ തെളിവാണ്. പ്രതിയെ ശനിയാഴ്ച കോതമംഗംല കോടതിയില്‍ ഹാജരാക്കും.പെരുമ്പാവൂര്‍ ഫ്‌ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ ഒ.എന്‍.സദാശിവന്‍,കുട്ടമ്പുഴ റെയ്ഞ്ചര്‍ സേവ്യര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.ശിവകുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍.റെജിമോന്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Related posts