ഇരിങ്ങാലക്കുട: കല്ലേറ്റുംകരയില്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള തോടില്‍ മാലിന്യ നിക്ഷേപം പെരുകുന്നു. റോഡരികിലെ ഈ തോടില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങി. പലരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായാണ് ഈ തോടിനെ കാണുന്നത്. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരിസരം ദുര്‍ഗന്ധപൂരിതമായ തുമൂലം പരിസരവാസികളുടെ ജീവിതം ദുരിതത്തിലായി. ഇവിടെ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൊതുകുശല്യവും രൂക്ഷമാണ്.
മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ചതാണ് ഈ തോട്. ഇപ്പോള്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ മഴപെയ്യുന്നതോടെ ഈ മാലിന്യം വെള്ളത്തിനോടൊപ്പം നടുറോഡിലേക്ക് ഒഴുകിയെത്താനും സാധ്യതയേറെയാണ്. പഴയ റെയില്‍വേ ലെവല്‍ ക്രോസിനു സമീപത്തു നിന്നും ആരംഭിക്കുന്ന ഈ ഒരപ്പന് തോട് തെക്കുഭാഗത്തുള്ള ചെമ്മീന്‍ ചാലിലാണ് വന്നു ചേരുന്നത്.
റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും ദിനംപ്രതി നിരവധി പേര് സ്ഥിരം വന്നുപോകുന്ന സ്ഥലമാണിത്. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധികൃതരോ ഉദ്യോഗസ്ഥരോ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പഞ്ചായത്താഫീസിനു നൂറുമീറ്ററിനുള്ളിലാണ് ഈ മാലിന്യകൂമ്പാരം എന്നുള്ളത് പഞ്ചായത്തധികൃതരുടെ അനാസ്ഥയെയാണ് തുറന്നുകാട്ടുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ കണ്ണുതുറക്കണമെന്നും പൊതുജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന രീതിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.