മാലിന്യം തള്ളുന്നവരുടെ വിവരം നല്‍കൂ, നഗരസഭയുടെ പാരിതോഷികം നേടൂ !

KKD-MALINYAMകോഴിക്കോട്: നഗരസഭാ പരിധിയില്‍ മാലിന്യംതള്ളുന്നവരെ പിടികൂടാന്‍ ജനങ്ങള്‍ക്ക് ഓഫറുമായി നഗരസഭ. മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലോ വാട്‌സ്ആപ്പിലോ കൈമാറിയാല്‍ അവര്‍ക്ക് പാരിതോഷികം ലഭിക്കുന്നതാണ് പദ്ധതി. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നഗരസഭ രഹസ്യമായി സൂക്ഷിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി.ബാബുരാജും ചേര്‍ന്ന്് ആവിഷ്കരിച്ചതാണ് പദ്ധതി.

അറവുശാലാ മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ തുടങ്ങിയവ റോഡരികിലോ പൊതുസ്ഥലങ്ങളിലോ തള്ളുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം സാമൂഹികവിരുദ്ധരെ കുടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്.

മാലിന്യം കൊണ്ടുവരുന്ന  വാഹനത്തത്തിന്റെ നമ്പര്‍, തള്ളിയ സ്ഥലം, ആളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുമെങ്കില്‍ അത്് തുടങ്ങിയ വിശദാംശങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പറില്‍ വിളിച്ചറിയിക്കുകയോ തള്ളുന്നതിന്റെ ദൃശ്യം വാട്‌സ്ആപ് വഴി അയച്ചുകൊടുക്കുകയോ ചെയ്യാം. ഇവര്‍ക്ക് നിശ്ചിത തുക പാരിതോഷികമായി നഗരസഭ നല്‍കും.

മാലിന്യം തള്ളിയവരെ ആരോഗ്യവിഭാഗം കണ്ടെത്തി വന്‍തുക പിഴ ഈടാക്കും. ഇവര്‍ക്കെതിരേ മറ്റു നിയമനടപടികളും സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഒന്നാം ഹെല്‍ത്ത് സര്‍ക്കിളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിദാസിനേയും (9961590050) രണ്ടാം സര്‍ക്കിളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസനേയുമാണ് (9447627244) വിവരം അറിയിക്കേണ്ടത്്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നഗരപരിധിയില്‍ 1000 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. കാമറ നല്‍കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. കക്കൂസ് മാലിന്യവും മറ്റും റോഡരികില്‍ തള്ളുന്ന പ്രവണത ശാശ്വതമായി അവസാനിപ്പിക്കുമെന്നും അത്തരക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മേയര്‍ വിശദീകരിച്ചു.

Related posts