മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക പരവൂര്‍ ദുരന്തബാധിതര്‍ക്ക് നല്‍കി സഹായിക്കും

ktm-kuttikattuകോട്ടയം: പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക ദുരന്തബാധിതരെ സഹായിക്കാന്‍ നീക്കിവച്ചു.  21ന് കൊടിയേറ്റ് ദിവസം മുതല്‍ തുക സമാഹരിച്ചു 27ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറും. കൊല്ലൂര്‍ മൂകാംബിക ദേവിയുടെയും സരസ്വതി ദേവിയുടെയും സാന്നിധ്യം ദേവപ്രശ്‌നത്തില്‍ കണ്ടതിനെ തുടര്‍ന്നു കുറ്റിക്കാട് ദേവീക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം കൊല്ലൂര്‍ മൂകാംബിക ദേവസ്ഥാനം തന്ത്രി നിത്യാനന്ദ അഡിഗ ഏറ്റെടുക്കും. 24നാണു കുംഭകുടം.

ഉത്സവചടങ്ങുകളില്‍ വെടിക്കെട്ട് ഒഴിവാക്കുന്നതിനൊപ്പം, ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ആനയെ എഴുന്നെള്ളിക്കുന്നതും ഒഴിവാക്കും. 21ന് വൈകുന്നേരം 6.30നു കൊടിയേറ്റും. രാത്രി 7.30നു നടക്കുന്ന മാതൃപൂജയില്‍ സിനിമാതാരം കവിയൂര്‍ പൊന്നമ്മ പങ്കെടുക്കും. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ കവിയൂര്‍ പൊന്നമ്മയെ ആദരിക്കും. ഉച്ചയ്ക്കു പന്ത്രണ്ടിനു മണിപ്പുഴയിലെ ദേവസ്വം പാട്ടമ്പലത്തില്‍ കുംഭകുടംനിറ നടക്കും. 12. 30നു കുംഭകുടഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിനു ക്ഷേത്രത്തില്‍ കുംഭകുട അഭിഷേകവും ക്ഷേത്രമൈതാനത്ത് ചെണ്ടുകളുടെ മത്സരയാട്ടവും നടക്കും.

രാത്രി ഏഴിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ദുരിതബാധിതരായവര്‍ക്കു സമാഹരിച്ച സഹായധനം മന്ത്രിക്കു കൈമാറും. മൂന്നു കോടിയിലധികം രൂപ മുടക്കി ക്ഷേത്ര ശ്രീകോവില്‍ അടക്കമുള്ളവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കും.

Related posts