മൂവാറ്റുപുഴ: സ്‌പെയര്‍പാര്‍ട്‌സുകളുടെ അഭാവം. നിരവധി ബസുകള്‍ കട്ടപ്പുറത്ത്. പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടികുറച്ചു. മധ്യകേരളത്തിലെ പ്രധാന ഡിപ്പോകളിലൊന്നായ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു മഴക്കാലത്ത് സര്‍വീസുകള്‍ വെട്ടികുറച്ചിരിക്കുന്നതു യാത്രക്കാര്‍ക്കു കടുത്ത ദുരിതമാകുന്നു മൂവാറ്റുപുഴ – എറണാകുളം ദേശസാല്‍കൃത റൂട്ടിലടക്കം സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ദിനംപ്രതി 20 സര്‍വീസുകളാണ് വെട്ടികുറച്ചിട്ടുള്ളത്. ജനറം ബസുകളാണ് കൂടുതലായും കട്ടപ്പുറത്തായിരിക്കുന്നത്. ഇവയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതാണ് പ്രശ്‌നം.
ഏതാനും മാസം മുമ്പ് ഡ്രൈവര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. 240 ഡ്രൈവര്‍മാരുള്ള മൂവാറ്റുപുഴ ഡിപ്പോയില്‍നിന്നു 78 പേരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. മൂവാറ്റുപുഴ-കാക്കനാട്,തൊടുപുഴ-മൂവാറ്റുപുഴ, മൂവാറ്റുപുഴ-പോത്താനിക്കാട് റൂട്ടുകളിലും യാത്രാക്ലേശം രൂക്ഷമാണ്. രാത്രി 9.30 -നുശേഷം മൂവാറ്റുപുഴയില്‍ നിന്നു തൊടുപുഴയിലേക്ക് ബസ് ലഭിക്കണമെങ്കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. 9.45-നു ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് ചാര്‍ജ് സാധാരണക്കാരന് താങ്ങാനാവുന്നതിലേറെയാണ്. ഫാസ്റ്റ് പാസഞ്ചറിന് 23 രൂപയാണെങ്കില്‍ ലോഫ്‌ളോറിന് 40 രൂപയാണ് ചാര്‍ജ്.
മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ ലോഫ്‌ളോര്‍ ബസിനെ ആശ്രയിക്കുന്നത്.
എന്നാല്‍ പല ദിവസങ്ങളിലും ഈ ബസും സര്‍വീസ് മുടക്കുകയാണ്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ നൂറുകണക്കിനു യാത്രക്കാരാണ് രാത്രിയില്‍ ബസ് ലഭിക്കാതെ മറ്റു വാഹനങ്ങളെ ആശ്രയിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നത്. എന്നാല്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം. രാത്രി ഒമ്പതിനുശേഷം 45 മിനിറ്റ് ഇടവിട്ടെങ്കിലും സര്‍വീസ് നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
എറണാകുളം – തൊടുപുഴ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും രാത്രി സമയങ്ങളില്‍ സമയക്രമം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.മൂവാറ്റുപുഴ – കാക്കനാട് റൂട്ടിലെ അവസ്ഥയും ഏറെ പരിതാപകരമാണ്. തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് ഈ റൂട്ടില്‍ സര്‍വീസ് വെട്ടിച്ചുരുക്കുന്നത്. മൂവാറ്റുപുഴ – രണ്ടാര്‍ റൂട്ടില്‍ മുഴുവന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് നാളുകളേറെയായി. രാവിലെയും വൈകുന്നേരവും നല്ലകളക്ഷനുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.