വരള്‍ച്ചബാധിത പ്രദേശങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കണമെന്ന് കളക്ടര്‍

pkd-waterതിരുവനന്തപുരം: ശുദ്ധജല കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളുടെ മുന്‍ഗണനാ പട്ടിക  ഉടന്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത തഹസില്‍ദാര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

വരള്‍ച്ച ഏറ്റവും രൂക്ഷമായ മേഖലകള്‍ക്ക്  മുന്‍ഗണന നല്‍കുന്നതോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന  തരത്തിലുമാവണം പട്ടിക തയ്യാറാക്കേണ്ടത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഈ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പൂര്‍ണ ചുമതല റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് സംയുക്തമായിട്ടായിരിക്കും.  പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക്  ഓരോ താലൂക്കുകളുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

കിയോസ്കുകളില്‍ വെള്ളമെത്തുന്നതും അതിന്റെ ശരിയായ വിനിയോഗവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. ശുദ്ധജലമെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ടാങ്കറുകള്‍ക്ക്  ജി പി എസ് ഘടിപ്പിക്കും. വാഹനങ്ങളുടെ ട്രിപ്പ് ഷീറ്റ് വില്ലേജ് ഓഫീസര്‍,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി,  ബന്ധപ്പെട്ട ജനപ്രതിനിധി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. കിയോസ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിന്   കേരള ജല അതോറിറ്റി സ്രോതസുകളെ ആശ്രയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Related posts