പെരുമ്പടവ്: ഒക്ടോബര്‍ മാസത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടിയിട്ടും പെരുമ്പടവ് സ്വദേശിനിയായ മഞ്ജു കുട്ടപ്പന്റെ യാത്ര അനിശ്ചിതത്വത്തിലാക്കുന്നു. സാമ്പത്തിക പരാധീനതയാണ് ഈ കായികതാരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വില്ലനാകുന്നത്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മഞ്ജു 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 4ഃ400 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടിയിരുന്നു. വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ റിലേ, 400 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ മത്സരിക്കാനാണ് മഞ്ജു യോഗ്യത നേടിയിരിക്കുന്നത്.
സ്കൂള്‍ കായികമേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ തിളങ്ങി കണ്ണൂര്‍ ജില്ലയുടെ അഭിമാനമായിരുന്ന മഞ്ജു പെരുമ്പടവ് താളിച്ചാലിലെ കുട്ടപ്പന്‍-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കായികരംഗത്തെ കുതിപ്പ് തുടരുമ്പോഴും തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ മഞ്ജുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസം സൃഷ്ടിക്കുകയാണ്. എങ്കിലും പ്രതിസന്ധികളില്‍ തളരാതെ തന്റെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ടാപ്പിംഗ് ജോലി ചെയ്തു ജീവിക്കുന്ന ഈ മുപ്പത്തെട്ടുകാരി.
സാഹചര്യങ്ങള്‍ എതിരായതോടെ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച മഞ്ജുവിനു രണ്ടു മക്കളുണ്ട്. താങ്ങും തണലുമായി നില്‍ക്കേണ്ട ഭര്‍ത്താവ് ഉപേക്ഷിച്ചുപോയത് മഞ്ജുവിനെ കൂടുതല്‍ തളര്‍ത്തി. കായികപരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ ഏക വരുമാനമാര്‍ഗമായ ടാപ്പിംഗിനു പോകാന്‍ സാധിക്കുന്നില്ല. നല്ലവരായ നാട്ടുകാരുടെയും പെരുമ്പടവ് ഇടവക വികാരി ഫാ. ജോസഫ് പുതിയാകുന്നേലിന്റെയും സഹായത്താലാണ് മഞ്ജു ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളിലെ കായികതാരങ്ങള്‍ക്ക് മീറ്റില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമ്പോള്‍ കേരളത്തിലുള്ളവര്‍ പ്രവേശനഫീസ് പോലും സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയാണെന്ന് മഞ്ജു പറയുന്നു.
സുഹൃത്തുക്കളുടെയും സഹപാഠികളുടെയും പ്രോത്സാഹനത്തെത്തുടര്‍ന്നാണ് വേള്‍ഡ് മീറ്റില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്താനുള്ള ചിന്ത മഞ്ജുവില്‍ ഉദിച്ചത്. പ്രവേശനഫീസ് ഇവരുടെ സഹായത്താല്‍ അടച്ചുവെങ്കിലും മീറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഇനിയും രണ്ടു ലക്ഷത്തോളം രൂപ വേണം. ഈ തുക ഈമാസം 30 നകം കണ്ടെത്തുകയും വേണം. സന്മനസുള്ള സംഘടനകളോ ക്ലബുകളോ നല്ലവരായ വ്യക്തികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കായികതാരം. മഞ്ജുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍: സിന്‍ഡിക്കറ്റ് ബാങ്ക്, അക്കൗണ്ട് നമ്പര്‍: 42242200081424. ഫോണ്‍: 9061403346.