ശബരിമല റോപ്‌വേ നിര്‍മാണോദ്ഘാടനം ജൂലൈ ആദ്യവാരം

sabarimalaസതീഷ് കുമാര്‍
ശബരിമല: ശബരിമലയിലെ ചിരകാല സ്വപ്‌നമായ റോപ് വേയുടെ നിര്‍മാണോദ്ഘാടനം ജൂലൈ ആദ്യവാരത്തില്‍ പമ്പയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ‘രാഷ്ട്രദീപികയോട് പറഞ്ഞു. 40 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള അനുമതി ലഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.

കോല്‍ക്കത്തയും ഹൈദരാബാദും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ”എയ്റ്റീന്‍ത് സ്റ്റെപ്പ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡ്് ” എന്ന കമ്പനി ബിഒറ്റി അടിസ്ഥാനത്തിലാണ് റോപ്പ് വേ നിര്‍മിക്കുന്നത്. ഓരോ 15 വര്‍ഷം കഴിയുമ്പോഴും കമ്പനിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കരാറില്‍ ഒപ്പുവയ്ക്കുകയും ഈ കരാറിന് ഹൈക്കോടതിയുടെ അനുമതി ഉണ്ടാകണമെന്നുള്ള അടിസ്ഥാനത്തിലുമാണ് കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പമ്പയിലെ ഹില്‍ടോപ്പില്‍ നിന്നാരംഭിക്കുന്ന റോപ്‌വേ അവസാനിക്കുന്നത് ശബരിമലയിലെ മാളികപ്പുറത്തിന് സമീപമുള്ള പോലീസ് ബാരക്കിന്റെ അടുത്താണ്. 2.9 കിലോമീറ്റര്‍ നീളമാണ് റോപ് വേയ്ക്കുള്ളത്. ഏത് കാലാവസ്ഥയിലും ചരക്കുകള്‍ റോപ് വേയിലൂടെ ശബരിമലയിലെത്തിക്കാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. റോപ് വേയുടെ നിര്‍മാണോദ്ഘാടനത്തിനുള്ള തീയതി നിശ്ചയിക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ്  2000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനുളള അന്നദാന പ്രസാദ മണ്ഡപത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ശബരിമലയിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ശബരിമല ഉന്നത അധികാര സമിതിയുടെ ഉത്തരവാദിത്വത്തിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രാചീനകേരളത്തിന്റെ അതിര്‍ത്തിയായ ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പജ്യോതി പ്രയാണം നടത്തും. അയ്യപ്പസേവാസംഘം ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടുകൂടി  ഓഗസ്റ്റ് മാസത്തോടുകൂടി ജ്യോതിപ്രയാണ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

Related posts