സ്കൂള്‍ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു; രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

ktm-dogഅതിരമ്പുഴ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് കടിയേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ അതിരമ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആരതിക്കാണ് തെരുവുനായയുടെ കടിയേറ്റത്.ഇന്നു രാവിലെ ഒന്‍പതോടെ സ്കൂളിനു സമീപത്താണ് തെരുവുനായ്ക്കള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരേ പാഞ്ഞടുത്തത്. ആരതിയുടെ കൈക്കാണ് കടിയേറ്റത്.
നായയുടെ ആക്രമണത്തില്‍ ഭയന്ന് ആരതി നിലത്തുവീഴുകയും ചെയ്തു. മറ്റു വിദ്യാര്‍ഥിനികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥിനികളുടെ ബാഗുകളില്‍ നായ്ക്കള്‍ കടിച്ചു. കുട്ടികള്‍ക്കൊപ്പമെത്തിയ ഒരു സ്ത്രീയുടെ വസ്ത്രവും നായ്ക്കള്‍ കടിച്ചുകീറി. വിദ്യാര്‍ഥിനിയെ ആക്രമിച്ച നായയെ രോഷാകുലരായ നാട്ടുകാര്‍ തല്ലിക്കൊന്നു.

സ്കൂള്‍ പരിസരത്ത് പതിനഞ്ചോളം നായ്ക്കളാണ് തമ്പടിച്ചിട്ട് മാസങ്ങളായി. സ്കൂള്‍ പരിസരത്ത് നായ്ക്കള്‍ വിഹരിക്കുന്നതുമൂലമുണ്ടാകുന്ന ദുരന്തത്തെ സംബന്ധിച്ച് സ്കൂള്‍ അധികൃതരും നാട്ടുകാരും പലതവണ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം രാഷ്ട്രദീപികയിലും വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത പിന്നീടു നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചയായെങ്കിലും നടപടികളൊന്നുമുണ്ടായില്ല. അതിരമ്പുഴയിലെ നാലു സ്കൂളുകളിലായി അയ്യായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. ഇവയില്‍ രണ്ടു സ്കൂളുകള്‍ എല്‍പി സ്കൂളുകളാണ്. കൊച്ചുകുട്ടികളെ നായ്ക്കള്‍ ഭയപ്പെടുത്തി ഓടിക്കുന്നത് പതിവുകാഴ്ചയാണ്.

സ്കൂള്‍ പരിസരത്ത് തമ്പടിച്ചിരിക്കുന്ന നായക്കൂട്ടങ്ങളെ തുരത്താനും വിദ്യാര്‍ഥികളെ നായ്ക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ 1140 കുട്ടികളും ഒപ്പിട്ട ഭീമഹര്‍ജി ഹെഡ്മിസ്ട്രസ് റാണിമോള്‍ തോമസ്, പിടിഎ പ്രസിഡന്റ് ജയിംസ് കുര്യന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പഞ്ചായത്ത് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.

Related posts