കൊല്ലം: തുടര്‍ച്ചയായി വിജയിക്കുന്നവര്‍ മാറിനില്‍ക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്.സ്ഥിരമായി മല്‍സരിച്ച് ജയിക്കുന്നവര്‍ ഓട് പൊളിച്ചു വന്നവരല്ലെന്നും അവരുടെ വിജയത്തിനു പിന്നില്‍ ജനങ്ങളുടെ പിന്തുണയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇവര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പ്രായമായെന്ന് തോന്നുന്നവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് സ്വയംമാറിനില്‍ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്നവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കുംഅവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കത്തെഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. പകരം മുഖ്യമന്ത്രിയോട് പറയുകയാണ് ചെയ്യേണ്ടത്. മലര്‍ന്നുകിടന്നു തുപ്പുന്നതുപോലെയാണത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടത്. ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകള്‍ക്കും, ഫേസ്ബുക്ക് ലൈക്കുകള്‍ക്കും, പത്രങ്ങളിലെ തലക്കെട്ടുകള്‍ക്കും വേണ്ടി ആരും വിവാദങ്ങള്‍ സൃഷ്ടിക്കരുത്.
തെരഞ്ഞെടുപ്പുകാലത്തെ വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ല. വിപ്ലവമല്ല വികസനമാണ് കേരളം ആഗ്രഹിക്കുന്നത്. മെസേജുകളുടെയും വാട്ട്‌സ്ആപ്പിന്റേയും കാലത്ത് കത്ത് അയയ്ക്കല്‍ ഔട്ട് ഓഫ് ഫാഷന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ മുരളീധരന്‍.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെസി രാജന്‍ എന്നിവര്‍ പങ്കെടുത്തു.