എതിരാളികള്‍ ഇന്ത്യയോ ഓസ്ട്രേലിയോ ആകട്ടെ. ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ലിന് അതൊന്നും ഒരു പ്രശ്നമല്ല. പന്ത് തൂക്കിയെടുത്ത് അതിര്‍ത്തി കടത്തുക അയാള്‍ക്കൊരു വിനോദമാണ്. ജമൈക്കയിലെ ജീവിതം സമ്മാനിച്ചതാണ് ആ വന്യത. ഇത്തവണയും തകര്പ്പനടികള്കൊണ്ട് ആരാധകരെ സന്തോഷിപ്പിക്കാനാണ് ഉപഭൂഖണ്ഡത്തില്‍ വിമാനമിറങ്ങിയിരിക്കുന്നത്. ഗെയ്ല് അവസാനമായി വിന്‍ഡീസ് ജേഴ്സിയണിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. എന്നു വിചാരിച്ച് താരം ഫോമിലല്ലെന്നു കരുതിയാല്‍ പണി പാളും. ട്വന്റി-20 ലോകകപ്പില്‍ 800ലധികം റണ്‍സ് നേടിയവരില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള താരമാണ് ഗെയ്ല്. 23 മത്സരങ്ങളില്‍ 807 റണ്‍സാണ് ലോകകപ്പിലെ സമ്പാദ്യം. സ്ട്രൈക് റേറ്റ് 141.82. ശരാശരിയും മികച്ചതാണ്: 40നു മുകളില്‍.
വിന്‍ഡീസിനായി പതിവായി കളിക്കുന്നില്ലെങ്കിലും ലോകമെമ്പാടുമുള്ള ലീഗുകളില്‍ സജീവമാണ് ഈ 36കാരന്. ഓസ്ട്രേലിയന്‍ ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനെഗഡ്സിനായി തകര്‍പ്പന്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഫെബ്രുവരിയില്‍ അവസാനിച്ച പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ കാര്യങ്ങള്‍ അത്ര മെച്ചമല്ലായിരുന്നു.
ഇന്ത്യയിലേക്കു വരുമ്പോള്‍ ഗെയ്ല് കൂടുതല്‍ അപകടകാരിയാകുമെന്നതില് സംശയമില്ല. കരീബിയന്‍ ദ്വീപുകളിലെ മൈതാനങ്ങളെക്കാള്‍ ഗെയ്ലിന് പരിചയം ഇന്ത്യന്‍ പിച്ചുകളാണ്. ഐപിഎലിലെ സ്ഥിരസാന്നിധ്യമായ ജമൈക്കക്കാരന് ഇവിടത്തെ പിച്ചുകള്‍ സുപരിചിതം. ബിഗ് ഹിറ്റര്‍മാര്‍ നിറഞ്ഞ വിന്‍ഡീസ് ടീം എത്രത്തോളം മുന്നോട്ടുപോകുമെന്നത് ഗെയ്ലിന്റെ സ്ഫോടകശേഷിയെ ആശ്രയിച്ചിരിക്കും. ഗെയ്ല് മിന്നിയാല്‍ വിന്‍ഡീസ് റോക്സ്, അല്ലെങ്കില്‍… എന്തായാലും കാത്തിരുന്നു കാണാം.