കാലടി: ആളുമാറി ഗുണ്ടകള്‍ ആക്രമിച്ചതിന്റെ ദുരിതം പേറി ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് മാണിക്യമംഗലത്തെ ഒരു കുടുംബം. രണ്ടു വര്‍ഷം മുമ്പ് മാണിക്യമംഗലത്തു നടന്ന ഗുണ്ടാ ആക്രമണത്തില്‍ ആളുമാറി വെട്ടേറ്റ മാണിക്യമംഗലം നെട്ടിനംപിള്ളി കാരിക്കൊത്ത് നാരായണന്‍പിള്ളയുടെ കൂടുംബത്തിനു പറയാനുള്ളതും ദുരിതങ്ങളുടെ ഉണങ്ങാത്ത മുറിവുകള്‍ നിറഞ്ഞ ജീവിത കഥ. കാലടിയിലെ പച്ചക്കറി മൊത്തക്കച്ചവട സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു നാരായണന്‍പിള്ള. കുടുംബത്തിലെ ഏക വരുമാനമാര്‍ഗവും ഈ ജോലിയില്‍നിന്നുതന്നെ.
2014 ഒക്ടോബര്‍ 14ന് പുലര്‍ച്ചെ അഞ്ചിന് ജോലി സ്ഥലത്തേക്കു ബൈക്കില്‍ പോയ നാരായണന്‍പിള്ള മാണിക്യമംഗലത്തിനു സമീപം പനയാലിയില് എത്തിയപ്പോള്‍, ഏതോ വ്യക്തിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ എടുത്ത ഒരു കൂട്ടം ഗുണ്ടകള്‍ ആളുമാറി നാരായണന്പിള്ളയെ ആക്രമിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന നാരായണന്പിള്ളയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.
മൂന്നു മാസം നീണ്ടചികിത്സയ്ക്കായി നാട്ടുകാരും ബന്ധുക്കളും സാമ്പത്തിക സഹായങ്ങള്‍ നല്കി. ചികില്‍സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും നാരായണന്പിള്ളയ്ക്കു മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായി. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഒരാളുടെ സഹായം വേണ്ടഅവസ്ഥ. ചെറിയ വീട്ടുജോലികള്‍ക്കു പോയിരുന്ന ഭാര്യ ഷാജയും പണിക്കു പോകാതെ ഭര്‍ത്താവിനെ സഹായിക്കാന്‍ കൂട്ടായി നിന്നു. തുടയെല്ലിലെ പൊട്ടല്‍ മൂലം ഇപ്പോള്‍ വലതുകാല്‍ മടക്കാന്‍ സാധിക്കുകയില്ലെന്നു മാത്രമല്ല, കൈകള്‍ക്കു ബലക്കുറവുമുണ്ട്. ഇനിയും തുടര്‍ചികിത്സ നടത്തിയാലേ കാലിന്റേയും കൈകളുടേയും ബുദ്ധിമുട്ടുകള്‍ മാറുകയുളളൂ. അതിനും ലക്ഷങ്ങളുടെ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ക്കൊപ്പം ചികിത്സാ ചെലവുകൂടി വന്നതോടെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് വഴുതിമാറുന്നത്.
ആക്രമണത്തിനു ക്വട്ടേഷന്‍ നല്‍കിയത് കാലടിയിലെ പ്രമുഖനായ ഒരു വ്യവസായി ആയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് നെട്ടിനംപിള്ളി വടക്കുഞ്ചേരി സോയന്‍, അയ്യമ്പുഴ പാരേലാന് ജോമേഷ്, ചുള്ളി തട്ടുപാറ പൈനാടത്ത് സോമി, ആളൂര്‍ അത്തിപ്പള്ളത്തില് ദിനേശ് എന്നിവരുള്‍പ്പെടെ 13 പ്രതികളെ അറസ്റ്റുചെയ്തു. ഇതില്‍ ജോമേഷ് പിന്നീടു മരിച്ചു. സോമി കഴിഞ്ഞ 28 ന് മഞ്ഞപ്രയില്‍ നടന്ന ഗുണ്ടാ ആക്രമണ കേസുമായി ബന്ധപ്പെട്ടു ജയിലിലാണ്. ബാക്കിയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങി, ഇപ്പോള്‍ കേസുമായി മൂന്നോട്ടുപോകുന്നു.
എന്നാല്‍ നാരായണന്‍പിള്ളയുടെ ജീവിതം മാത്രം ചോദ്യചിഹ്നമാകുന്നു. ആക്രമണം നടന്ന കാലയളവില്‍ കാലടി ശ്രീശങ്കരാ കോളജിലെ ബിഎസ്സി മാത്സ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന നാരായണന്‍പിള്ളയുടെ മകള്‍ നയന 80 ശതമാനം മാര്‍ക്കോടെ ഡിഗ്രി പഠനം പൂര്‍ത്തയാക്കി. സാമ്പത്തിക പരാധീനതകള്‍ മൂലം ഇപ്പോള്‍ ഉപരിപഠനം വേണെ്ടന്നു വച്ചിരിക്കുന്നു. മകന് നന്ദകുമാര്‍ പ്ലസ്ടു പഠനം കഴിഞ്ഞ് ഇപ്പോള്‍ ഐരാപുരം സിഇടി കോളജില്‍ ഡിഗ്രിക്കു പഠിക്കുന്നു.
രോഗിയായ നാരായണന്പിള്ളയ്ക്കൊപ്പം നില്ക്കുന്ന ഭാര്യയ്ക്ക് കുടുംബം പോറ്റാന്‍ ജോലിക്കു പോകാനാവാത്ത സ്ഥിതിയാണുളളത്. നാട്ടുകാരുടെ നല്ല മനസുളള ചില വ്യക്തികളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സാ ചെലവുകള്‍ നടത്തുന്നത്. ഈ ദുരിതപൂര്‍ണമായ ജീവിതാവസ്ഥ കാണിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് ഈ കുടുംബം.