സ്വന്തം ലേഖകന്‍
കോഴിക്കോട്: “”ഇങ്ങനെ പോയാല്‍ ഞങ്ങള്‍ ഇന്നുതന്നെ പൂട്ടും… എല്ലാവരും അഞ്ഞൂറും ആയിരവും ആയിവന്നാല്‍ ചില്ലറ നല്‍കാനാവില്ല…”- പറയുന്നത് കോഴിക്കോട് ജില്ലയിലെ പ്രധാന പെട്രോള്‍ പമ്പുടമകളാണ്. ഇന്നലെ രാത്രിമുതല്‍ തിരക്കോടുതിരക്കാണ് പെട്രോള്‍ പമ്പുകളില്‍. എല്ലാവര്‍ക്കും ആയിരവും അഞ്ഞൂറും എങ്ങിനെയെങ്കിലും ചില്ലറയായി കിട്ടണം. അതിന് പെടോള്‍ അടിക്കാതെ വേറെ മാര്‍ഗമില്ല. എന്നാല്‍ പമ്പുകളിലാകട്ടെ ചില്ലറയില്ല തിരിച്ചുനല്‍കാന്‍. വാഹനം ഉള്ളവര്‍ ഇങ്ങനെ.., വാഹനമില്ലാത്തവരോ അവരുടെ കാര്യമാണ് കഷ്ടം.
ഇന്നലെ മുതല്‍ നഗരത്തില്‍ പെട്രോള്‍ പമ്പുകളില്‍ തിരക്കോടു തിരക്കാണ്. ഈ തിരക്ക് തുടര്‍ന്നാല്‍ പെട്രോള്‍ പമ്പുകള്‍ അടിച്ചിടാനാണ് ഉടമകളുടെ തീരുമാനം. നേരത്തെ അറിയാമായിരുന്നെങ്കില്‍ ചില്ലറ കരുതിവയ്ക്കാമായിരുന്നുവെന്നും ഇവര്‍ പറയുന്നു. നിലവിലെ അവസ്ഥ വച്ചുനോക്കിയാല്‍ വൈകുന്നേരത്തോടെ ജില്ലയിലെ മിക്ക പെട്രോള്‍പമ്പുകളും അടച്ചിടേണ്ട അവസ്ഥയിലാണുള്ളത്. ചില്ലറയായി ആരും വരുന്നില്ല എന്നതുതന്നെ കാരണം. ചിലര്‍ രണ്ടും കല്‍പ്പിച്ച് 400-നും 500-നും ഒക്കെ അടിച്ചിടുന്നുണ്ട്. അവര്‍ക്കുവേണ്ടി മാത്രം പമ്പുകള്‍ തുറന്നിടാനാകില്ലല്ലോ.
കൊയിലാണ്ടി കൊല്ലത്ത് പെട്രോള്‍ പമ്പില്‍ 500 രൂപ നല്‍കിയ ആള്‍ക്ക് ബാക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. 200 രൂപ പിന്നെ വാങ്ങാന്‍ പറഞ്ഞ് കൂപ്പണ്‍ കൊടുത്തതാണ് പ്രശ്‌നത്തിനുകാരണം. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഹോട്ടലുകളിലും ആശുപത്രികളിലും ഇതുതന്നെയായിരുന്നു അവസ്ഥ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കണ്ടാല്‍ ഭയക്കുന്ന അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാരും പറയുന്നു. എറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ലോട്ടറി വില്‍പ്പനക്കാര്‍ക്കാണ്. ചില്ലറയാക്കാനാണ് ഭൂരിഭാഗവുംലോട്ടറി എടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചില്ലറയില്ലാത്തവര്‍ക്ക് ലോട്ടറി നല്‍കാന്‍ ഇവര്‍ക്കും മടിയാണ്.