തിരൂര്‍: ഉണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടും വാഹനവും തകര്‍ക്കുന്ന അക്രമിസംഘത്തിന്റെ ദൃശ്യമാണ് പുറത്തായിട്ടുള്ളത്. വാളും ആയുധങ്ങളുമായി വീടുകള്‍ അടിച്ചുതകര്‍ക്കുകയും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിക്കുന്ന രംഗങ്ങളുമാണ് കാമറയില്‍ പതിഞ്ഞിട്ടുള്ളത്. വാളുമായി പാഞ്ഞടുക്കുന്ന അക്രമിസംഘത്തെ കണ്ടുഭയന്നു വീട്ടമ്മമാരടക്കം ഓടി പ്പോകുന്നതും ദൃശ്യത്തിലുണ്ട്. അക്രമിക്കപ്പെട്ട വീട്ടില്‍നിന്നു വീട്ടമ്മ ഓടിയെത്തി അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം വീട്ടമ്മയുടെ മുന്നിലിട്ടു ബൈക്കും വീടും ആയുധം കൊണ്ട് നശിപ്പിക്കുകയായിരുന്നു.
സിസി ടിവി കാമറയില്‍ പത്തോളം പ്രതികളുടെ 1.25 മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടുപകരണങ്ങളും പൈപ്പുകളും നശിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. പട്ടാപ്പകലായിരുന്നു ഈ അക്രമ സംഭവങ്ങളെല്ലാം അരങ്ങേറിയത്. 21ന് ഞായറാഴ്ച വൈകുന്നേരം 6.30ന് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞിട്ടുള്ളത്. അക്രമിസംഘം സിസി ടിവി കാമറ നശിപ്പിച്ചതായും ഇതിനുശേഷം ബൈക്ക് തീയിട്ട് നശിപ്പിച്ചതായും വീട്ടുകാര്‍ പറഞ്ഞു. പുറത്തായ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യത്തില്‍ പതിഞ്ഞ അക്രമികള്‍ പരിസരവാസികളാണെന്നും സിപിഎം പ്രവര്‍ത്തകാണെന്നും വീട്ടുകാര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ ബൈക്കിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചതായും പരിശോധിച്ചു വരികയാണെന്നും താനൂര്‍ സിഐ സി. അലവി പറഞ്ഞു. എന്നാല്‍ വീടുകള്‍ തകര്‍ക്കുകയും കൊള്ളയും കലാപവും നടത്തിയ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികള്‍ യഥേഷ്ടം നാട്ടിലൂടെ നടക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. അതിനിടെ ഉണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വീട് തകര്‍ന്ന കുടുംബങ്ങളെ മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ആക്രമണത്തിനിരയായ ഇരുപതോളം വീടുകളിലായിരുന്നു നേതാക്കളെത്തിയത്.
സിപിഎം ആക്രമണത്തില്‍ വീടുതകര്‍ന്ന വീട്ടമ്മമാര്‍ നേതാക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സംഭവങ്ങള്‍ വിശദീകരിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ ജനറല്‍ സെക്രട്ടി കെ.എന്‍.എ. ഖാദര്‍, സംസ്ഥാന സെക്രട്ടറി സി.പി. ബാവ ഹാജി, സി. മമ്മുട്ടി എംഎല്‍എ, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍, നൗഷാദ് മണ്ണിശേരി, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ തുടങ്ങിയ നേതാക്കളാണ് ഉണ്ണ്യാല്‍ തേവര്‍കടപ്പുറം ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. നിരന്തരം അക്രമമുണ്ടാകുന്നതു മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും നേതൃത്വം ആവശ്യമായ നടപടി എടുത്തില്ലെങ്കില്‍ ലീഗ് വിടുമെന്നും കുടുംബങ്ങള്‍ നേതാക്കളോടു പറഞ്ഞു.
ഇനിയും അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും പ്രതികള്‍ നാട്ടില്‍ വിലസിയിട്ടും പോലീസ് ഇവരെ പിടികൂടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വീടും സ്വത്തും നഷ്ടമായ കുടുംബങ്ങളുടെ ദുരിതം നേരില്‍കണ്ടു ബോധ്യമായതായും ഇനി ഇത്തരം അക്രമങ്ങള്‍ അരങ്ങേറാന്‍ സമ്മതിക്കില്ലെന്നും നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഉറപ്പുനല്‍കി. ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനോടു ആവശ്യപ്പെടുമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം പാര്‍ട്ടി തലത്തില്‍ സഹായമെത്തിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.