ഒപ്പം കൂടുന്ന അന്ധനായകന്‍

Oppan1വി. ശ്രീകാന്ത്         

സിനിമ- കേള്‍ക്കാന്‍ ഇമ്പമുള്ള വാക്ക്, കാണുമ്പോള്‍ ആസ്വാദ്യകരവും. കണ്ണിമവെട്ടാതെ കണ്ടിറങ്ങുമ്പോള്‍ കണ്ണിലുടക്കിയവയെ മനസിനോട് ചേര്‍ത്ത് പടിയിറങ്ങാം. കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവനെ പോലെ നമുക്ക് മുന്നില്‍ ആടിത്തീര്‍ത്ത വേഷങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഒരു വാക്കുപോലും ചോദിക്കാതെ മനസിലേക്ക് ഓടി കയറിയ വേഷങ്ങള്‍ വിരളമാണ്.   ഈ ഓണത്തിന് അന്ധനായി എത്തി നമ്മോടൊപ്പം കൂടിയ മോഹന്‍ലാല്‍ തന്നെയാണ് അന്ധനായകരെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലേക്ക് വലിച്ചിട്ടത്.സ്വന്തം കണ്ണ് അടച്ചു പിടിച്ചുകൊണ്ട് അന്ധരായവരുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ നായകരിലൂടെ ഒന്നു കടന്നു പോകാം. അവര്‍ പകര്‍ന്നു തന്ന കാഴ്ചകളെ ഒന്നും കൂടി പ്രകാശിപ്പിച്ചുകൊണ്ട്.

Oppan4

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി അന്ധഗായകനായി വേഷമിട്ടപ്പോള്‍ അന്നുവരെ നിലനിന്നിരുന്ന നായക സങ്കല്പങ്ങളെ പൊളിച്ചെഴുതുക കൂടിയായിരുന്നു. 1969ല്‍ നടന്‍ സത്യന്‍ കടല്‍പ്പാലത്തില്‍ ചെയ്ത അന്ധനായകന്റെ വേഷം മറന്നു കൊണ്ടല്ല, എങ്കിലും അന്ധനായകര്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് അതിനേക്കാള്‍ വേഗത്തില്‍ പാഞ്ഞടുക്കുക ഒരുപാട് സ്‌നേഹം നല്കി നമ്മേ വിട്ടുപോയ കലാഭവന്‍ മണി ചെയ്ത രാമു എന്ന കഥാപാത്രമായിരിക്കും. നടന മികവ് കണ്ടറിഞ്ഞ് സംവിധായകന്‍ വിനയന്‍ നല്കിയ കഥാപാത്രം അത്ര കണ്ട് ആഴത്തില്‍ പ്രേക്ഷക മനസുകളിലേക്ക് ഇറങ്ങി ചെന്നു.

അന്ധനായിട്ടുള്ള ഒരാളുടെ നടത്തവും നോട്ടവും ബുദ്ധിമുട്ടുകളും മണിയുടെ മുഖത്ത് മിന്നി മറഞ്ഞപ്പോള്‍ 1999-ല്‍ ഇറങ്ങിയ ചിത്രങ്ങളുടെ പട്ടികയില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ഗ്രാഫ് മറ്റേത് ചിത്രത്തേക്കാളും ഉയര്‍ന്നു തന്നെ നിന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഒരുനേര്‍ത്ത വ്യത്യാസത്തില്‍ മണിയെ വിട്ടകന്നപ്പോള്‍ മണിയോടൊപ്പം പ്രേക്ഷകരും വിഷമിച്ചത്  രാമു അവരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതുകൊണ്ടു തന്നെയാണ്. എന്നാല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിക്കും മണിയുടെ പ്രകടനത്തെ കണ്ടില്ലായെന്ന് നടിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെയാണ് രാമു എന്ന കഥാപാത്രത്തെ തേടി അതേ വര്‍ഷം സ്‌പെഷല്‍ ജൂറി അവാര്‍ഡ് എത്തിയത്.

Oppan5

മോഹന്‍ലാലും ശ്രീനിവാസനും മണിക്കു മുമ്പു തന്നെ അന്ധ വേഷങ്ങളിലെത്തിയിട്ടുണ്ട്. മുഴുനീള അന്ധവേഷമല്ലെങ്കിലും 1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ സിനിമയില്‍ മോഹന്‍ലാല്‍ അന്ധ കഥാപാത്രമായി എത്തുന്നുണ്ട്. ഇന്നും മിനിസ്ക്രീനില്‍ ഈ ചിത്രം എത്തുമ്പോള്‍ അതിന് സ്വീകാര്യത കിട്ടുന്നത് മോഹന്‍ലാലിന്റെ ഈ സിനിമയിലെ പ്രകടന മികവ് കൊണ്ടു തന്നെയാണ്. അന്ധനായപ്പോള്‍ ആയോധന കല അഭ്യസിക്കുന്നതും തന്റെ ദൗത്യത്തിലേക്ക് കാഴ്ചയില്ലെങ്കിലും കേള്‍വിയെ കൂട്ട് പിടിച്ച് നടത്തുന്ന അസാധ്യ പ്രകടനവും പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ച ഒന്നായിരുന്നു. സാധാരണ മനുഷ്യനായി ജീവിക്കുന്നതിനിടെ അന്ധനാകേണ്ടി വരുന്ന ഒരാളുടെ മാനറിസങ്ങളെ നന്നായി തന്നെ മോഹന്‍ലാല്‍ കാമറയ്ക്ക് മുന്നില്‍ പ്രതിഫലിപ്പിച്ചത് കൊണ്ടു തന്നെയാണ് യോദ്ധയിലെ തൈപ്പറമ്പില്‍ അശോകനെ ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നത്.

1994-ല്‍ വാരഫലം എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ശ്രീനിവാസന്‍ അതില്‍ ജന്മനാ അന്ധനായ ഒരു കഥാപാത്രമായാണ് എത്തിയത്. കോമഡിക്കൊപ്പം അന്ധനായ ഒരാളുടെ ജീവിതം എങ്ങനെയൊക്കെ മാറി മറിയുമെന്ന് ചിത്രത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ആ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രീനിവാസന് കഴിഞ്ഞു. ഇന്നും ആ ചിത്രം മിനിസ്ക്രീനില്‍ തെളിയുമ്പോള്‍ ശ്രീനിവാസന്റെ രസികത്തരങ്ങള്‍ ഒരുവട്ടം കൂടി കാണാന്‍ കണ്ണുപായുന്നത് ആ വേഷം അത്രമേല്‍ ഓരോരുത്തരിലും സ്വാധീനം ചെലുത്തിയത് കൊണ്ടാണ്.

2010-ല്‍ വീണ്ടും ഒരു അന്ധ കഥാപാത്രം ശ്രീനിവാസനെ തേടിയെത്തിയപ്പോള്‍ അത് കൈവിട്ട് കളയാതെ സ്വീകരിച്ചത് മുമ്പ് ചെയ്ത വേഷത്തിന്റെ സ്വീകാര്യത ഓര്‍ത്തു തന്നെയായിരിക്കണം. ആത്മകഥ എന്ന ചിത്രത്തില്‍ അന്ധരായവരുടെ ജീവിതത്തിലെ നന്മയുെട അംശങ്ങള്‍ കൊച്ചുബേബി(ശ്രീനിവാസന്‍) മേരി(ഷര്‍ബാണി മുഖര്‍ജി)എന്നിവരിലൂടെ സംവിധായകന്‍ പ്രേംലാല്‍ ഒപ്പിയെടുത്തപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് നല്കിയത് പുതുമയുള്ള അനുഭവമായിരുന്നു. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ആത്മകഥ ഒട്ടനവധി പുരസ്കാരങ്ങളും നേടി. അന്ധരായവരുടെ ജീവിത രീതികളെ സശ്രദ്ധം ശ്രീനിവാസനെന്ന നടന്‍ സ്ക്രീനില്‍ പകര്‍ന്നാടിയപ്പോള്‍ തെളിഞ്ഞത് കാഴ്ച നഷ്ടപ്പെട്ടവരുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകളായിരുന്നു.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1997-ല്‍ പുറത്തിറങ്ങിയ ഗുരുവില്‍ സുരേഷ് ഗോപിയും മോഹന്‍ലാലും ശ്രീനിവാസനും ഉള്‍പ്പടെ നിരവധി താരങ്ങള്‍ അന്ധരായി വേഷമിട്ടിട്ടുണ്ട്. ഒരു രാജ്യത്തെ ജനതയുടെ അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന കഥ പറഞ്ഞപ്പോള്‍ അവരുടെ കാഴ്ച പോകുന്നതിന്റെ കാരണം തേടിയുള്ള യാത്രയും പിന്നീട് എല്ലാവര്‍ക്കും കാഴ്ച കിട്ടുന്നതുമായ കാഴ്ച വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.

Oppan3
ഈ നിരയിലേക്ക് പിന്നീട് വന്നത് ഫഹദ് ഫാസിലായിരുന്നു. സംവിധായകന്‍ ശ്യാമ പ്രസാദിന്റെ ആര്‍ട്ടിസ്റ്റില്‍ കാന്‍വാസുകളില്‍ കരവിരുത് തീര്‍ക്കുന്ന മൈക്കിള്‍  ആയി ഫഹദ് എത്തിയപ്പോള്‍ കാഴ്ചയുള്ളപ്പോഴുള്ള മൈക്കിളിന്റെ വരകളും കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മൈക്കിളിന്റെ വരകളും കാഴ്ചക്കാര്‍ക്ക് പുതിയ നിറങ്ങള്‍ സമ്മാനിച്ചു. കാഴ്ച ഉള്ളവനില്‍ നിന്നും കാഴ്ച ഇല്ലാത്തവനിലേക്കുള്ള പോക്ക് ഒരു ചിത്രകാരന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മൈക്കിള്‍ കാട്ടിത്തന്നപ്പോള്‍ 2013-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദിനെ തേടിയെത്തി. ഫഹദിന്റെ സിനിമാ ജീവിതത്തിലെ കാമ്പുള്ള കഥാപാത്രമായി മൈക്കിള്‍ മാറിയപ്പോള്‍ അത് സിനിമാ പ്രേമികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രവുമായി.

2014 -ല്‍ ജയസൂര്യയെ നായകനാക്കി ബോബന്‍ സാമുവല്‍ ഒരുക്കിയ ഹാപ്പിജേര്‍ണിയാണ് അന്ധനായകരായി എത്തിയവരുടെ നിരയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ആരോണ്‍ എന്ന അന്ധക്രിക്കറ്ററുടെ വേഷവുമായി എത്തിയ ഹാപ്പി ജേര്‍ണി അന്ധര്‍ക്കിടയിലെ മുന്നേറ്റത്തിന്റെ കഥപറഞ്ഞ ചിത്രമായിരുന്നു. ജയസൂര്യ ഇതില്‍ അന്ധരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കുന്നതിനായി പരിശ്രമിക്കുന്ന ഒരാളായാണ് വേഷമിട്ടത്. മറ്റ് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നതും ചിത്രത്തിന്റെ പ്രമേയത്തിലെ പുതുമ തന്നെയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ചലനം ഉണ്ടാക്കിയില്ലെങ്കിലും ഇത്തരത്തില്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരുപാട് പേര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി നല്കാന്‍ ആരോണിലൂടെ ജയസൂര്യയ്ക്ക് കഴിഞ്ഞു.
Oppan2
ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ചിത്രമാണ് ഓണം റിലീസായി തിയറ്ററില്‍ സ്ഥാനം പിടിച്ച മോഹന്‍ലാല്‍ ചിത്രം ഒപ്പം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ജയരാമനെന്ന അന്ധ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന് പിന്നിലെ കാരണക്കാരനെ തേടിയുള്ള ജയരാമന്റെ  യാത്രയാണ് ഒപ്പത്തെ വേറിട്ട് നിര്‍ത്തുന്നത്. മുഴുനീള അന്ധനായുള്ള വേഷം മികവോടെ ചെയ്തപ്പോള്‍ ഈ ഓണം ഒപ്പത്തിനൊപ്പം കൂടാമെന്ന് പ്രേക്ഷകര്‍ തീരുമാനിച്ചു. ലാലിലെ നടനെ തിരിച്ചറിയുന്ന സംവിധായകനാണ് പ്രിയദര്‍ശനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അന്ധനായകരായി വേഷമിട്ടവരുടെ പട്ടികയിലേക്ക് മോഹന്‍ലാലിന്റെ ജയരാമന്‍ കൂടി വരുന്നതോടെ ഇതിലും വെല്ലുവിളി നിറഞ്ഞ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്.

വെല്ലുവിളികളെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ തന്നെ വിജയം അവര്‍ക്കൊപ്പം കൂടെ കൂടുമെന്നതിന് ഒരുപിടി ഉദാഹരണങ്ങള്‍ വെള്ളിത്തിരയിലെ ഈ കഥാപാത്രങ്ങള്‍ അത്രയും നമ്മുക്ക് കാട്ടിത്തന്നത്. മികച്ച തിരക്കഥകളുണ്ടായാല്‍ ഇനിയും ഇതിലും മികവാര്‍ന്ന കഥാപാത്രങ്ങള്‍ നമ്മളെ തേടിയെത്തും. പ്രതീക്ഷിക്കാം രാമുവിനേക്കാളും ജയരാമനേക്കാളും മികച്ച പ്രകടനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നു തന്നെ.

Related posts