എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പൊതു ചര്‍ച്ചയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചലച്ചിത്ര താരം സുരേഷ് ഗോപി രാഷ്ട്രദീപികയോട്.
വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ഥിത്വം പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ, എന്തെങ്കിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഊഹാപോഹങ്ങളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.””അതു അങ്ങനെ തന്നെ തുടരട്ടെ. ഞാന്‍ എവിടെയങ്കിലും മത്സരിക്കുന്നുണ്ടെന്ന് പറയുന്നത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനു ചേര്‍ന്നതല്ല. അച്ചടക്കത്തിന്റെ കാര്യമുള്ളതിനാല്‍ എന്റെ നിലപാട് പാര്‍ട്ടി പറയും”- സുരേഷ് ഗോപി പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നു സുരേഷ് ഗോപി ഒഴിഞ്ഞുമാറി. പാര്‍ട്ടി ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടില്ല. അങ്ങനെയൊരു ആവശ്യം പാര്‍ട്ടിയില്‍ നിന്നുണ്ടായാല്‍ കൃത്യമായ അഭിപ്രായം പറയും. ഇത്തരം ചര്‍ച്ചകള്‍ വരുന്നതിന് മുമ്പ് തന്നെ തന്റെ അഭിപ്രായം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തന്റെ നിലപാട് വ്യക്തമാക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തോടു തന്നെ പ്രതികരണം ആരാഞ്ഞത്. ഇതു സംബന്ധിച്ച ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ് സുരേഷ് ഗോപി പറയുന്നത്. വട്ടിയൂര്‍ക്കാവ്,തിരുവനന്തപുരം,ആറന്മുള മണ്ഡലങ്ങളിലാണ് സുരേഷ്ഗോപിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായാല്‍ വിജയസാധ്യതയുള്ള മണ്ഡലം തന്നെ നല്‍കണമെന്ന അഭിപ്രായമാണ് ബി.ജെ.പി നേതാക്കള്‍ക്കിടയിലുള്ളത്.

