കടുത്ത വേനലിലും ഈ തണല്‍ ആര്‍ക്കും വേണ്ട

TCR-THANALമുളങ്കുന്നത്തുകാവ്: വേനല്‍ചൂട് കനക്കുമ്പോഴും ഈ തണല്‍ ആര്‍ ക്കും വേണ്ട. ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കുളുമൊക്കെ വന്നണയുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്തുള്ള തണല്‍ എന്ന ആധുനിക  ബസ് ഷെല്‍ട്ടറാണ് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്.

നിര്‍മാണം പൂര്‍ത്തീകരിച്ച ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കാതെ മെഡിക്കല്‍ കോളജ് കാമ്പസില്‍ വെറുതെ കിടക്കുകയാണ്. ഈ ബസ് ഷെല്‍ട്ടര്‍ സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ മദ്യപിക്കാനും മലമൂത്രവിസര്‍ജനം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. വൈഫൈ സംവിധാനവും മ്യൂസിക് സിസ്റ്റവും എല്ലാമടക്കം പത്തുലക്ഷംരൂപ ചിലവഴിച്ചാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചിട്ടുള്ളത്. സോളാര്‍ സിസ്റ്റം വഴിയാണ് ഈ ഷെല്‍ട്ടറില്‍ വൈദ്യുതി സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഇരിക്കാനായി കസേരകളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും മഴ പെയ്താല്‍ ഇവിടെ നില്‍ക്കുന്നവരും ഇരിക്കുന്നവരും നനഞ്ഞു കുളിക്കും. മഴച്ചാറല്‍ അകത്തേക്ക് വരും വിധമാണ് തണലിന്റെ ഡിസൈനിംഗ്. ആശുപത്രിക്ക് സമീപമൊരു ബസ് ഷെല്‍ട്ടര്‍ വേണമെന്നുള്ള ജനങ്ങളുടെ വളരെ കാലത്ത് ആഗ്രഹമാണ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നടപ്പിലാക്കിയത്. എന്നാല്‍ അത് നല്ല രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതില്‍ പാളിച്ച പറ്റിയതാണ് പ്രശ്‌നമായത്. പത്തു ലക്ഷത്തിന് നല്ലൊരു വെയ്റ്റിംഗ് ഷെഡ് പണിയുന്നതിന് പകരം ആര്‍ക്കും ഉപകാരപ്പെടാത്ത രീതിയിലാണ് ഡിസൈന്‍ ചെയ്തത്. ബസ് സ്റ്റോപ്പ് ഈ ഭാഗത്തേക്ക് മാറ്റാനുളള നടപടി മെഡിക്കല്‍ കോളജ് പോലീസ് എടുത്തുവരികയാണ്.

Related posts