കൊട്ടാരക്കര: ഇടക്കൊന്നു നിലച്ചിരുന്ന കരമണ്ണ് ഖനനവും കടത്തും കൊട്ടാരക്കര മേഖലയില്‍ വ്യാപകമായി. പകല്‍സമയങ്ങളില്‍ പോലും പരസ്യമായി നടന്നുവരുന്ന ഈ നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്. കൊട്ടാരക്കര ടൗണിന്റെ ഹൃദയഭാഗത്തുപോലും വന്‍തോതിലുള്ള ഖനനവും കടത്തുമാണ് നടന്നുവരുന്നത്. പഴയ കൊല്ലം ചെങ്കോട്ട റോഡ് വശത്ത് സ്വകാര്യഭൂമിയില്‍നിന്നും നൂറുലോഡ് മണ്ണ് കടത്തിക്കഴിഞ്ഞു. വന്വേയായ ഈ റോഡിന്റെ തകര്‍ച്ചയ്ക്കും ഇത് കാരണമായിട്ടുണ്ട്. പുലമണ്‍ ടൗണിന് സമീപം എം സി റോഡരികില്‍ മാസങ്ങളായി കുന്നിടിച്ച് മണ്ണ് കടത്തിവരികയാണ്. നിരവധി ലോഡ് മണ്ണാണ് ഇവിടെനിന്നും ദിനംപ്രതി കടത്തിക്കൊണ്ടുപോകുന്നത്.
ടൗണിലൂടെ യാതൊരു മറയുമില്ലാതെ മണ്ണുമായി ലോറികള്‍ ചീറിപാഞ്ഞിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ രണ്ട് മണ്ണെടുപ്പും നടന്നുവരുന്നത് റൂറല്‍പോലീസ് ജില്ലാ ആസ്ഥാനത്തിനും പോലീസ് സ്റ്റേഷനും സമീപത്താണ്. താലൂക്ക് ഓഫീസ് അടക്കമുള്ള റവന്യൂ ഓഫീസുകളും വിദൂരത്തല്ല. താലൂക്കിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇതേ രീതിയില്‍ മണ്ണെടുപ്പ് നടന്നുവരുന്നു. മാവടി, പാത്തല, പൂവറ്റൂര്‍, ഉമ്മന്നൂര്‍, നെടുവത്തൂര്‍, കുടവട്ടൂര്‍ മൈലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാത്രിയുടെ മറവിലാണ് കരമണ്ണ് ഖനനം നടന്നുവരുന്നത്.
കല്ലുവെട്ടിന്റെ മറവിലും വ്യാപകമായ രീതിയില്‍ മണ്ണ് കടത്തിവരുന്നു. വന്‍തോതിലും പകലുമുള്ള ഖനനവും കടത്തും നടക്കുന്നത് പ്രത്യേക പാസുകളുടെ മറവിലാണ്. കൊല്ലം ബൈപാസ് നിര്‍മാണത്തിനും റെയില്വേവികസനത്തിനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പാസുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ പാസുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്തുവരുന്നു. ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡ് മണ്ണാണ് കടത്തുന്നത് .സമയവും തീയതിയുമില്ലാത്ത പാസാണ് മണ്ണ് കടത്ത് വാഹനങ്ങളില്‍ ഉണ്ടാകുന്നത്.
പരിശോധന നടത്തുന്ന സമയത്ത് ഇവ രണ്ടും രേഖപ്പെടുത്തുകയാണ് പതിവ്. രണ്ട്ബഹൃദ് പദ്ധതികള്‍ക്കുവേണ്ടിയാണ് അനുമതി നല്കുന്നതെങ്കിലും ഖനനം ചെയ്ത് കടത്തുന്ന മണ്ണിലധികവും ഈ പദ്ധതികള്‍ക്ക് ലഭിക്കുന്നില്ല. നിലം നികത്തലും കെട്ടിട നിര്‍മാണവും മറ്റും ക്വട്ടേഷനെടുത്തിട്ടുള്ള സംഘങ്ങള്‍ ഈ ആവശ്യത്തിലേക്ക് ഖനനം ചെയ്യുന്ന മണ്ണ് വകമാറ്റുകയാണ് ചെയ്യുന്നത് .പദ്ധതികള്‍ക്ക് പേരിനുമാത്രം മണ്ണാണ് എത്തിച്ചുനല്‍കുന്നത്.