ചാരുംമൂട്: കല്ലും മുള്ളും നിറഞ്ഞ കാടുകയറിയ ഇടവഴിയിലൂടെ ഒരുപറ്റം കുട്ടികള്‍ അംഗന്‍വാടിയിലേക്കു എത്താന്‍ അനുഭവിക്കുന്നത് ദുരിതയാത്ര . പാലമേല്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 76 -ാംനമ്പര്‍ അംഗന്‍വാടിയിലെ കുട്ടികളാണ് ദുരിതവഴികള്‍താണ്ടി ഓരോദിവസവും അക്ഷരലോകത്ത് അറിവ് നുകരാന്‍ കിതച്ചെത്തുന്നത്. ആദിക്കാട്ടുകുളങ്ങര – കുടശനാട് റോഡില്‍ പുളിച്ചികുളങ്ങര ജംഗ്ഷന് അടുത്താണ് ഈ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് .
നാട്ടുകാര്‍ പണം സ്വരൂപിച്ച് സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗന്‍വാടി സ്ഥാപിച്ചത് വര്‍ഷങ്ങളോളം സമീപത്തെ വീടുകളിലെ വാടക മുറികളിലായിരുന്നു ഈ ആംഗന്‍വാടിയുടെ പ്രവര്‍ത്തനം. തുടര്‍ന്ന് എം.എല്‍.എ ഫണ്ട്, ഗ്രാമപഞ്ചായത്ത്, സാമൂഹ്യ ക്ഷേമ വകുപ്പ് എന്നിവയുടെ സഹായത്തോടെ അഞ്ചുവര്‍ഷം മുമ്പ് ആംഗന്‍വാടിയ്ക്കു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു . എന്നാല്‍ ആംഗന്‍വാടിയിലേക്കുള്ള ഏകദേശം 75 മീറ്റര്‍ വരുന്ന വഴിപക്ഷെ വീതിയില്ലാതെ കാടുകയറിയ ഇടവഴിയാണ് പത്തടിയോളം പൊക്കത്തില്‍ നിന്നു താഴോട്ടുള്ള വഴി പൂര്‍ണമായും തകര്‍ന്നു. വഴിയുടെ ഒരുവശം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. ഇവ പലയിടത്തും ഇളകിയിട്ടുമുണ്ട്.
ഇതിനോടു ചേര്‍ന്ന് പ്രധാന റോഡില്‍ നിന്ന് വെള്ളം ഒഴുകി പോകുന്ന മൂന്നടിയോളം താഴ്ചയുള്ള ഓടയാണ്. വഴിയുടെ വശങ്ങള്‍ കാടുകയറിയതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട് . അതിനാല്‍ ഇവിടേക്ക് രക്ഷിതാക്കള്‍ കുട്ടികളെ അയക്കുന്നത് ഏറെ ബുദ്ധിമുട്ടിലും ഭീതിയിലുമാണ് കണ്ണ് തെറ്റിയാല്‍ ഓടയില്‍ വീഴുന്ന സ്ഥിതിയുമാണ് . ഇത്തരത്തില്‍ മുമ്പ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അംഗന്‍വാടി കുട്ടികളുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണാന്‍ ഈ ദുരിത വഴി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമായില്ലെന്നു നാട്ടുകാര്‍.