കുട്ടിയാന കുഴിയില്‍ വീണ് ചെരിഞ്ഞു

ekm-aanaകോതമംഗലം: ഇടമലയാറില്‍ കുട്ടിയാന കക്കൂസ് കുഴിയില്‍ വീണു ചെരിഞ്ഞു. വനാന്തരത്തിനോടു ചേര്‍ന്നുള്ള കെഎസ്ഇബിയുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനു സമീപമാണ് കുട്ടിയാനയുടെ  ജഡം കണ്ടെത്തിയത്. ഉദ്ദേശം ഒന്നര വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.ഇന്നലെ രാവിലെ 9.30 ഓടെയാണ് ജഡം കണ്ടെത്തിയത്. ഐബി ഭാഗത്ത് റോഡ് ടാറിംഗിന് എത്തിയ തൊഴിലാളികളാണ് ആദ്യം ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗശൂന്യമായ കക്കൂസ് കുഴിയില്‍ ജഡം കണ്ടെത്തിയത്.

ഐബിയുടെ മുന്‍ഭാഗത്തെ  പഴയ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ടായിരുന്ന ഭാഗത്തുള്ള കുഴിക്ക് അഞ്ചര അടിയോളം താഴ്ചയുണ്ട്.കുഴിയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതാണ് ആനക്കുഞ്ഞ്  അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് സൂചന. വീഴ്ചയില്‍ കുഴിയുടെ അരികിലും താഴെയുമുള്ള കല്ലുകളില്‍ തലയും മറ്റ് ശരീരഭാഗവും ഇടിച്ച് പരിക്കേറ്റ പാടുകളുണ്ട്.വടാട്ടുപാറ സ്റ്റേഷനിലെ വനപാലകര്‍ എത്തി ജഡത്തിന് കാവല്‍ നില്‍ക്കുകയാണ്.ആനക്കുട്ടി അപകടത്തില്‍പ്പെട്ടതിന്റെ രണ്ടുദിവസം മുമ്പു വരെ പരിസരത്ത് ചിന്നം വിളിച്ച് കാട്ടാനകള്‍ തമ്പടിച്ചിരുന്നു.

കുഴിയില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ആനക്കൂട്ടം ശ്രമിച്ചതിന്റെ ലക്ഷണം പരിസരത്തുണ്ട്.കുഴിയുടെ മുകള്‍ഭാഗത്തിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ കുഴിയിടിച്ച് ആനക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ആനക്കൂട്ടത്തിനു കഴിഞ്ഞില്ല. ഇന്നു രാവിലെ 10ന് കോന്നിയില്‍ നിന്ന് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ  ശേഷം ജഡം മറവുചെയ്യുമെന്ന് മലായാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു.

Related posts