കോട്ടയം: കുമരകത്തുനിന്ന് രണ്ടു വീട്ടമ്മമാരെയും സംക്രാന്തിയില്‍ നിന്ന് ഒരു യുവതിയെയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ കുമരകം, ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് കുമരകത്തെ വീട്ടമ്മമാരെ കാണാതായത്. ആശാരിമറ്റം കോളനിയില്‍ ഗീതു(26)വിനെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. കടയില്‍ പോയ ഗീതു തിരികെ വീട്ടിലെത്തിയില്ല. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
അട്ടിപ്പീടിക ഭാഗത്ത് മിനിമോള്‍ (40) എന്ന വീട്ടമ്മയെ വൈകുന്നേരം ആറരയോടെയാണ് കാണാതായത്. ഇവര്‍ക്കും രണ്ടു കുട്ടികളുണ്ട്. രണ്ടു പേരുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. സംക്രാന്തി സ്വദേശിയായ ഇരുപത്താറുകാരിയെ ഇന്നലെയാണ് കാണാതായത്. കോട്ടയത്ത് പത്താം ക്ലാസ് തുല്യതാ ക്ലാസിന് പോയതാണ്. വൈകുന്നേരമായിട്ടും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. പോകാനിടയുള്ള എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.