കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുന്ന 37 കാരിയായ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നു പരാതി. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് ഞാറയ്ക്കല്‍ സ്വദേശിനിയായ യുവതി വീട്ടിലേക്ക് പോകാനായി ഹൈക്കോടതി ഭാഗത്ത് എത്തിയപ്പോഴേക്കും ബസ് പോയിരുന്നു. പിന്നീട് അവിടെ വച്ച് ബന്ധുവായ ഒരു യുവാവിനെ കാണുകയും അയാളോടൊപ്പം നടന്ന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 9.30 ഓടെ വല്ലാര്‍പാടം പാലത്തിനടുത്തെത്തിയപ്പോള്‍ ഒരു വെളുത്ത കാര്‍ എത്തി ഇവരെ ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാമെന്ന് അറിയിച്ചു. യുവതിയോട് കാറിന്റെ മുന്‍ സീറ്റില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
കുറച്ചു ദൂരം എത്തിയപ്പോഴേക്കും യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് കാറില്‍ നിന്നു പുറത്തിറക്കിയശേഷം കളമശേരി ഭാഗത്തേക്ക് കാര്‍ ഓടിച്ചു പോകുകയായിരുന്നുവെന്ന് പരാതിയുണ്ട്. ഇതിനിടയില്‍ യുവതിയെ കയറി പിടിക്കാനും ശ്രമിച്ചുവെന്നു പരാതിയുണ്ട്. ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ തിരിച്ച് വൈപ്പിന്‍ ഭാഗത്ത് ഇറക്കി വിടുകയായിരുന്നുവെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. മുളവുകാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.