കോട്ടയം പോലീസ് കാവലില്‍; സ്ത്രീ സുരക്ഷയ്ക്കായി നഗരത്തില്‍ പോലീസിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചു; ഇതോടെ പൂവാലശല്യം കുറഞ്ഞതായി പോലീസ്

ktm-policeകോട്ടയം: നഗരത്തില്‍ പോലീസിന്റെ സാന്നിധ്യം വര്‍ധിച്ചു. മുക്കിലും മൂലയിലുമെല്ലാം ഇപ്പോള്‍ പോലീസ് സേവനം ലഭിക്കും.  ബസ് സ്റ്റാന്‍ഡുകളില്‍ പോലും വനിതാ പോലീസ് ഡ്യൂട്ടി കര്‍ശനമാക്കിയതോടെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി. പൊതുജനങ്ങള്‍ ക്കിടയില്‍ എല്ലായിടത്തും പോലീസുണ്ട് എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ രണ്ടു വനിതാ പോലീസിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ സദാ സമയവും റോന്തു ചുറ്റുന്നുണ്ട്. ഇതോടെ പൂവാല ശല്യം ഏതാണ്ട് നിലച്ച മട്ടാണ്. കാക്കി കണ്ടാല്‍ മതി പൂവാലന്‍മാര്‍ ഓടിയൊളിക്കും.

അതു പോലെ സ്റ്റാന്‍ഡിലെ ട്രാഫിക് ഡ്യൂട്ടിക്കും ഇപ്പോള്‍ വനിതാ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. മുന്‍പ് ഇത്തരം ട്രാഫിക് ഡ്യൂട്ടികളില്‍ നിന്ന് വനിതകളെ ഒഴിവാക്കിയിരുന്നു.   ഏറെ തിരക്കുള്ള തിരുനക്കര ക്ഷേത്രം ജംഗ്ഷനിലാണ് പുതുതായി പോലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇവിടെ വണ്‍വേ സംവിധാനം ഇല്ലാത്തതിനാല്‍ മൂന്നു വശത്തു നിന്നുമുള്ള വാഹനങ്ങള്‍ എത്തും. ചില സമയത്ത് വന്‍ ഗതാഗതക്കുരുക്കും ഉണ്ടാകും. നേരത്തേ ഇവിടെ പോലീസ് ഡ്യൂട്ടിയില്ലായിരുന്നതിനാല്‍ നിയന്ത്രിക്കാന്‍ ആളില്ലായിരുന്നു.

നഗരത്തിലെ  മറ്റെല്ലാ മേഖലയിലും കൂടുതല്‍ പോലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. ബൈക്കില്‍ റോന്തു ചുറ്റുന്നവരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഫീസ് ഡ്യൂട്ടിയെന്നു പറഞ്ഞ് പുറത്തിറങ്ങാതിരുന്ന പല പോലീസുകാരും ഇപ്പോള്‍ ട്രാഫിക് ഡ്യൂട്ടിക്കായി രംഗത്തെത്തിയിട്ടുണ്ട്. ചാലുകുന്ന് ജംഗ്ഷനിലെ ട്രാഫിക് ഡ്യൂട്ടി കുറെക്കൂടി ശക്തമാക്കി. ഒരു എഎസ്‌ഐയുടെ നേതൃത്വത്തിലാണ് ഇവിടെ ട്രാഫിക് ഡ്യൂട്ടി. ട്രാഫിക് ഡ്യൂട്ടിക്ക് പോലീസില്ല എന്ന പഴയ പല്ലവിക്ക് ഇനി പ്രസക്തിയില്ല.

Related posts