കോപ്പ തുറക്കുന്നു, ആദ്യപോരാട്ടം അമേരിക്ക-കൊളംബിയ

sp-copaകലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ 45-ാം പതിപ്പിന് ഇന്ന് കിക്കോഫ്. കോപ്പ അമേരിക്കയുടെ പ്രത്യേക പതിപ്പായ കോപ്പ അമേരിക്ക സെന്റിനാരിയോയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എ മുന്‍ചാമ്പ്യന്മാരായ കൊളംബിയയെ നേരിടുന്നതോടെ നൂറാം വാര്‍ഷിക പോരാട്ടങ്ങള്‍ക്ക് വിസില്‍ മുഴങ്ങും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് മത്സരം.

ഗ്രൂപ്പ് എയില്‍ യുഎസ്എയും കൊളംബിയയും നേര്‍ക്കു നേര്‍വരുമ്പോള്‍ രണ്ടു വന്‍കരകളുടെ പോരാട്ടത്തിനു കൂടിയാണ് സാന്റാക്ലാരയിലെ ലെവീസ് സ്‌റ്റേഡിയം വേദിയാകുന്നത്. കോസ്റ്റാറിക്ക, പരാഗ്വെ തുടങ്ങിയവരാണ് ഗ്രൂപ്പ് എയിലെ മറ്റ് രണ്ടു ടീമുകള്‍. ഫിഫ റാങ്കിംഗില്‍ കൊളംബിയ നാലാമതും അമേരിക്ക 29-ാം സ്ഥാനത്തുമാണ്.

എന്നാല്‍, സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്ന അമേരിക്ക ശക്തരായ കൊളംബിയയെ പരാജയപ്പെടുത്തി ഗ്രൂപ്പ് പോരാട്ടം തുടങ്ങാനാണ് ഇറങ്ങുന്നത്; കൊളംബിയയാണെങ്കില്‍ കണക്കിലെ കരുത്ത് കളത്തിലും പുറത്തെടുക്കാനും. മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇരുകൂട്ടരും ജയം മാത്രം ലക്ഷ്യമിടുന്നതുകൊണ്ട് പോരാട്ടം കൂടുതല്‍ വാശിയേറും. അമേരിക്കയെക്കാള്‍ എല്ലാ മേഖലയിലും മുകളിലാണ് യുവാക്കള്‍ നിറഞ്ഞ കൊളംബിയന്‍ ടീം. കൊളംബിയയാണ് മത്സരത്തിലെ ഫേവിറിറ്റുകള്‍. എന്നാല്‍, സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ അട്ടിമറിയാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

യുഎസ്എയും കൊളംബിയയും നേര്‍ക്കുനേര്‍ വന്നിട്ട് ഒന്നര വര്‍ഷത്തോളമായി. അവസാനമായി 2014 നവംബര്‍ 15ന് അന്താരാഷ്്ട്ര സൗഹൃദ മത്സരത്തില്‍ യുഎസ്എയും കൊളംബിയയും ഏറ്റുമുട്ടി. അന്ന് കൊളംബിയ 2-1ന് യുഎസ്എയെ തോല്‍പ്പിച്ചു. അതിനു മുമ്പ് നടന്ന നാലു മത്സരങ്ങളില്‍ ഒരെണ്ണം സമനിലയായി. ഒരു കളിയില്‍ കൊളംബിയയും രണെ്ടണ്ണത്തില്‍ യുഎസ്എയും ജയിച്ചു. തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് യുഎസ്എ 2011ലെ ചാമ്പ്യന്മാരായ കൊളംബിയയെ നേരിടുന്നത്. മുന്നേറ്റക്കാരന്‍ ഗ്യാസി സാര്‍ഡെസ്, മധ്യനിരയിലെ കൗമാരതാരം ക്രിസ്റ്റ്യന്‍ പുളിസിച്ച്, ഡാര്‍ലിംഗ്ടണ്‍ നഗ്‌ബേ എന്നിവരാകും അമേരിക്കന്‍ ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.

പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ചാണ് പരിശീലകന്‍ യര്‍ഗന്‍ ക്ലിന്‍സ്മാന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോപ്പ അമേരിക്കയുടെ സ്‌പെഷല്‍ ടൂര്‍ണമെന്റിന് താനും സംഘവും തയാറാണെന്ന് യുഎസ്എ ടീം നായകന്‍ മൈക്കില്‍ ബ്രാഡ്‌ലി പറഞ്ഞു. 115 പ്രാവശ്യമാണ് ബ്രാഡ്‌ലി യുഎസ്എയ്ക്കുവേണ്ടി കളത്തിലെത്തിയത്. ടീമിലുള്ളതില്‍ പരിചയസമ്പന്നനായ രണ്ടാമത്തെ കളിക്കാരനാണ് നായകന്‍. 124 തവണ യുഎസ്എയ്ക്കുവേണ്ടി ബൂട്ടുകെട്ടിയ മുന്നേറ്റക്കാരന്‍ ക്ലിന്റ് ഡെംപ്‌സിയും ടീമിലുണ്ട്. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന് സന്തുലിതമായ ടീമാണെന്നും ആത്മവിശ്വാസത്തോടെ തന്നെ അടുത്ത ആഴ്ചകളില്‍ ടീം മുന്നോട്ടുപോകുമെന്നും നായകന്‍ പറഞ്ഞു. ശക്തരായ ലാറ്റിന്‍ അമേരിക്കക്കാരുടെ ഇടയില്‍നിന്നും സെമിഫൈനലില്‍ എത്തുകയെന്നതാണ് ക്ലിന്‍സ്മാന്റെയും കൂട്ടരുടെയും സ്വപ്നം.

അവസാനത്തെ മൂന്നു കളിയും ജയിച്ച കൊളംബിയയും മികച്ച ഫോമിലാണ്. ടീമിലെ സ്‌ട്രൈക്കര്‍മാരായ റഡമേല്‍ ഫാല്‍ക്കേവയും ജാക്‌സണ്‍ മാര്‍ട്ടിനെസും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഇടംനേടിയില്ല. എന്നാല്‍, ടീമിന്റെ എക്കാലത്തെ മികച്ച ഗോള്‍വേട്ടക്കാന്‍ ഫാല്‍ക്കാവോയുടെ അഭാവം അവരുടെ മുന്നേറ്റത്തെ എത്രമാത്രം അലട്ടുമെന്ന് കാണേണ്ടിയിരിക്കുന്നു. ഫാല്‍ക്കോവ 25 ഗോള്‍ ഇതുവരെ നേടിക്കഴിഞ്ഞു. ഇതുകൊണ്ട് നായകനും മധ്യനിരയിലെ പ്രധാനിയുമായ ഹാമിഷ് റോഡ്രിഗസിനു ജോലിഭാരം കൂടും. റോഡ്രിഗ്‌സ് ലോകകപ്പില്‍ തന്റെ ഗോളടി മികവ് തെളിയിച്ചതാണ്. റോഡ്രിഗസിനു തന്റെ മികവ് കൂടുതല്‍ തെളിയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ലോകകപ്പില്‍ റോഡ്രിഗസിന്റെ മികവില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നോട്ടുപോയതാണ്. ലോകകപ്പിലെ പ്രകടനം റോഡ്രിഗസിനെ റയല്‍ മാഡ്രിഡിലെത്തിച്ചു. എന്നാല്‍ മാഡ്രിഡില്‍ കൊളംബിയന്‍ നായകന്റെ പ്രകടനം സമ്മിശ്രമായിരുന്നു. അതുകൊണ്ട് റോഡ്രിഗസിന്റെ റയലില്‍ മുന്നോട്ടു പോകണമെങ്കില്‍ മികച്ച പ്രകടനം കോപ്പയില്‍ പുറത്തെടുക്കേണ്ടതുണ്ട്. മറ്റ് വന്‍ ക്ലബ്ബുകള്‍ക്കു മുന്നില്‍ ശ്രദ്ധാകേന്ദ്രമാകാനും നായകനില്‍നിന്നു തകര്‍പ്പന്‍ പ്രകടനം അത്യാവശ്യമാണ്.

കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു. ഗോളടിക്കാന്‍ മിടുക്കനായ റോഡ്രിഗസില്‍നിന്നും ഗോളും മികച്ച നീക്കങ്ങളുമാണ് ഏവരും കാത്തിരിക്കുന്നത്. കാര്‍ലോസ് ബക്കയ്‌ക്കൊപ്പം ഹുവന്‍ കുഡ്രാഡോ, എഡ്വിന്‍ കര്‍ഡോണ എന്നിവരും മുന്നേറ്റത്തില്‍ കരുത്ത പകരുന്നവരാണ്. മുന്നേറ്റത്തിലെ യുവതാരം മാര്‍ലോസ് മൊറേനോ സൗഹൃദമത്സരത്തില്‍ ഹെയ്തിക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. റയലില്‍ റോഡ്രിഗസ് മങ്ങിയത് പരിശീലകന്‍ ഹെസെ പെക്കര്‍മാനെ അലട്ടുന്നില്ല. ടീമിന്റെ ഏറ്റവും അവിഭാജ്യഘടകമാണ് റോഡ്രിഗസെന്ന് പരിശീലകന്‍ ഹൊസെ പെക്കര്‍മാന്‍ പറഞ്ഞു. റോഡ്രിഗസ് മികച്ച രീതിയില്‍ മുന്നോട്ടു പോകും. ടീമിലെ പ്രധാനതാരവും നായകനുമാണ് അദ്ദേഹമെന്ന് പെക്കര്‍മാന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു പുറത്താകുകയായിരുന്നു.

ആദ്യമായാണ് ദക്ഷിണ അമേരിക്കയ്ക്കു പുറത്ത് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ പതിനാറു ടീമുകളാണ് പങ്കെടുക്കുന്നത്. കോംബോളില്‍നിന്ന് അര്‍ജന്റീന, ബ്രസീല്‍, ചിലി, ഉറുഗ്വെ, ഇക്വഡോര്‍, കൊളംബിയ, പരാഗ്വെ, പെറു, ബൊളീവിയ, വെനസ്വേല ടീമുകളും കോണ്‍കാഫില്‍നിന്ന് അമേരിക്ക, മെക്‌സിക്കോ, ജമൈക്ക, പാനമ, കോസ്റ്റാറിക്ക, ഹെയ്തി ടീമുകളാണ് കോപ്പ അമേരിക്കയുടെ നൂറു വര്‍ഷം പ്രമാണിച്ചുള്ള പ്രത്യേക കോപ്പ അമേരിക്ക സെന്റിനാരിയോയില്‍ പങ്കെടുക്കുന്നത്. ഇതിലെ ചാമ്പ്യന്മാരുടെ പേര്‍ കോപ്പ അമേരിക്കയുടെ ജേതാക്കളുടെ പട്ടികയില്‍ ഇടം പിടിക്കുകയും കിരീടം നേടുന്നവര്‍ക്ക് അത് സ്വന്തമാക്കി വയ്ക്കുകയും ചെയ്യാം.

അമേരിക്ക

ഗോള്‍ കീപ്പര്‍മാര്‍- ബ്രാഡ് ഗുസാന്‍, ടിം ഹവാര്‍ഡ്, എഥന്‍ ഹൊര്‍വാത്

പ്രതിരോധനിര- മാറ്റ് ബെസ്‌ലര്‍, സ്റ്റീവ് ബേണ്‍ബൗം, ജോണ്‍ ബ്രൂക്‌സ്, ജ്യഫ് കാമറോണ്‍, എഡ്ഗര്‍ കാസ്റ്റിലോ, ഫാബിയന്‍ ജോണ്‍സണ്‍, മൈക്കള്‍ ഒറോസ്‌കോ, ഡിആന്ദ്രെ യെഡ്‌ലിന്‍

മധ്യനിര-കെയ്ല്‍ ബെക്കര്‍മാന്‍, അലെഹാന്‍ഡ്രോ ബെഡോയ, മൈക്കള്‍ ബ്രാഡ്‌ലി, ജെര്‍മയിന്‍ ജോണ്‍സ്, പെറി കിച്ചണ്‍, ഡാര്‍ലിംഗ്ടണ്‍ നഗ്‌ബേ, ഗ്രഹാം സുസി, ക്രിസ്റ്റ്യന്‍ പുലിസിക്

മുന്നേറ്റനിര- ക്രിസ് വണ്ടലോവ്‌സ്കി, ബോബി വുഡ്, ക്ലിന്റ് ഡെംപ്‌സെ, ഗ്യാസി സാര്‍ഡെസ്

കൊളംബിയ

ഗോള്‍കീപ്പര്‍മാര്‍- ക്രിസ്റ്റ്യന്‍ ബോനില, ഡേവിഡ് ഓസ്പിന, റോബിന്‍സണ്‍ സപാറ്റ

പ്രതിരോധനിര-ഫിലിപ്പ് അഗ്വീലാര്‍, സാന്റിയാഗോ അരിയസ്, ഫാരിദ് ഡിയസ്, ഫ്രാങ്ക് ഫാബ്ര, സ്റ്റെഫാന്‍ മെദിന, ഹെയ്‌സണ്‍ മുറില്ലോ, യെരി മിന, ക്രിസ്റ്റിയന്‍ സപാറ്റ

മധ്യനിര-എഡ്വിന്‍ കര്‍ഡോന, ഗില്ലേര്‍മോ സെലിസ്, ഹ്വാന്‍ ക്വാഡ്രാഡോ, സെബാസ്റ്റിയന്‍ പെരസ്, ആന്ദ്രെസ് ഫിലിപ്പ് റോവ, ഹാമെസ് റോഡ്രിഗസ്, കാര്‍ലോസ് സാഞ്ചസ്, ഡാനിയല്‍ ടോറസ്

മുന്നേറ്റനിര- കാര്‍ലോസ് ബക്ക, റോജര്‍ മാര്‍ട്ടിനസ്, മാര്‍ലോസ് മൊറേനോ, ഡയ്‌റോ മൊറേനോ

കോപ്പയില്‍ ഇതുവരെ

യുഎസ്എ

1916 മുതല്‍ 1991 വരെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ല.

1993ല്‍ ഗ്രൂപ്പ് ഘട്ടം

1995ല്‍ നാലാം സ്ഥാനം

1997 മുതല്‍ 2004 വരെ കോപ്പയില്‍ പങ്കെടുത്തില്ല

2007ല്‍ ഗ്രൂപ്പ് ഘട്ടം

2011 മുതല്‍ 2015 വരെ കോപ്പയില്‍ കളിച്ചില്ല

2016ല്‍ ആതിഥേയര്‍

കൊളംബിയ

1916 മുതല്‍ 1935 വരെ ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ല

1945ല്‍ അഞ്ചാം സ്ഥാനം

1946 വിട്ടുനിന്നു

1947ലും 1949നും എട്ടാം സ്ഥാനം

1953 മുതല്‍ 1956 വരെ വിട്ടുനിന്നു

1957ല്‍ അഞ്ചാം സ്ഥാനം

1959 ലെ രണ്ടു ടൂര്‍ണമെന്റിലും വിട്ടുനിന്നു

1963ല്‍ ഏഴാം സ്ഥാനം

1967ല്‍ യോഗ്യത നേടിയില്ല

1975ല്‍ റണ്ണേഴ്‌സഅപ്പ്

1979 ലും 1983ലും ഗ്രൂപ്പ് ഘട്ടം

1987ല്‍ മൂന്നാം സ്ഥാനം

1989ല്‍ ഗ്രൂപ്പ് ഘട്ടം

1991ല്‍ നാലാം സ്ഥാനം

1993ലും 1995ലും മൂന്നാം സ്ഥാനം

1997ലും 1999ലും ക്വാര്‍ട്ടര്‍ ഫൈനല്‍

2001ല്‍ ചാമ്പ്യന്‍മാര്‍

2004ല്‍ നാലാം സ്ഥാനം

2007ല്‍ ഗ്രൂപ്പ് ഘട്ടം

2011ലും 2015ലും ക്വാര്‍ട്ടര്‍ ഫൈനല്‍ .

Related posts