ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നു മുതല്‍

tvm-dogതിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ജില്ല കളക്ടര്‍ എസ്.വെങ്കിടേസപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.11 ബ്ലോക്കുകളിലായി പദ്ധതി നടപ്പാക്കും. പദ്ധതിയുടെ പ്രാരംഭഘട്ടം തിരുവനന്തപുരം, പാറശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ഇലകമണ്‍ എന്നീ സുസജമായ ആറു ബ്ലോക്കുകളില്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇവിടങ്ങളില്‍ നായകള്‍ക്കുള്ള ശസ്ത്രക്രിയാ സംവിധാനങ്ങള്‍, കൂടുകള്‍ എന്നിവ സജ്ജമാണ്.നായകള്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങളും കെയര്‍ടേക്കറെയും ഒക്ടോബര്‍ ഒന്നാം തിയതിയോടെ സജ്ജമാക്കും.

ആവശ്യമുള്ള ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.നായകളെ പിടികൂടി എത്തിക്കുന്നതിനും ശസ്ത്രക്രിയയ്ക്ക് ശേഷം അവയെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തിരികെ എത്തിക്കുന്നതിനും കൂടുകള്‍ മുതലായ സൗകര്യമുള്ള വാഹനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കും.വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും.ഡോക്ടര്‍മാരുടെ ക്ഷാമമുള്ളയിടങ്ങളില്‍ വിരമിച്ച വിദഗ്ധ മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. മൂന്നാം തീയതി പദ്ധതികള്‍ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ തിരുവനന്തപുരത്ത് പിഎംജിയിലുള്ള ജില്ലാ വെറ്ററിനറി സെന്ററില്‍ ജില്ലാ കളക്ടറും നെടുമങ്ങാട് പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.ഇലകമണ്ണില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.രഞ്ജിത് , ആറ്റിങ്ങലില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം അഡ്വ.എസ്.എം. റാസി, നെയ്യാറ്റിന്‍കരയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍നായര്‍,പാറശാലയില്‍ ജില്ലാ വെറ്ററിനറി ഓഫീസര്‍ എന്നിവരും സന്ദര്‍ശിക്കും.

പദ്ധതി ഏകോപനത്തിനായി കളക്ടറുടെ നിര്‍ദേശപ്രകാരം എ.ഡി.എം ജോണ്‍ വി.സാമുവല്‍ ആറു ബ്ലോക്കുകളിലേക്ക് അഞ്ച് ഡപ്യൂട്ടി കളക്ടര്‍മാരെയും നിയോഗിച്ച് ഉത്തരവായി.ഇതില്‍ നെയ്യാറ്റിന്‍കരയിലും പാറശാലയിലും ലാന്റ് അക്യുസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്കാണ് ചുമതല.ജില്ലാ വെറ്ററിനറി സെന്ററില്‍ ലാന്റ് അക്വിസിഷന്‍(ദേശീയപാത) ഡപ്യൂട്ടി കളക്ടര്‍, നെടുമങ്ങാട് ലാന്റ് റിഫോംസ് ഡപ്യൂട്ടി കളക്ടര്‍, ഇലകമണ്ണില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ ഏകോപന ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തനസജ്ജമായ സ്ഥലങ്ങളിലും മറ്റു ആറുകേന്ദ്രങ്ങളിലും ആവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കും.

അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള കര്‍മ പദ്ധതിയ്ക്കും യോഗം രൂപം നല്‍കി.പദ്ധതി നടത്തിപ്പ് സംബന്ധിച്ച പൊതുയോഗം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.വെങ്കിടേസപതി വ്യക്തമാക്കി.യോഗം സംബന്ധിച്ച അറിയിപ്പ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വഴി ബന്ധപ്പെട്ടവര്‍ക്ക് നല്‍കും.തുടര്‍ന്ന് 12 ന് കളക്ടറുടെ അധ്യക്ഷതയില്‍ വിപുലമായ ആക്ഷന്‍ പ്ലാന്‍ യോഗം ചേരും.ഇതില്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തും.

നായപിടുത്തക്കാരെ തെരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പരിശീലനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ കണ്ടെത്തി ഒക്ടോബര്‍ 15–നുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കും.നായപിടുത്തത്തിന് 11 ബ്ലോക്കുകളിലും അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ എന്‍.ജി.ഓകളുടെ സഹകരണം ഉറപ്പാക്കും.

നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പു ജീവനക്കാരുടെയും പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയുമുള്‍പ്പെടെ യോജിച്ച ശ്രമം വേണമെന്ന് ജില്ലാ കളക്ടര്‍ എസ്.വെങ്കിടേസപതി പറഞ്ഞു.പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍നായര്‍, എ.ഡി.എം ജോണ്‍ വി.സാമുവല്‍, ഡപ്യുട്ടി കളക്ടര്‍മാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ , ജില്ലാ പല്‍നിംഗ് ഓഫീസര്‍ വി.എസ്.ബിജു, വെറ്ററിനറി വകുപ്പു ഉദ്യോഗസ്ഥര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 31ന് തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടര്‍ ഉപാധ്യക്ഷനുമായുള്ള 13 അംഗ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള സമിതിയും പ്രവര്‍ത്തിക്കും.

Related posts