പാലക്കാട് : ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥീരികരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. ഇന്നലെ കടമ്പഴിപ്പുറം, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി പ്രദേശങ്ങളിലെ മൂന്നു പേര് രോഗലക്ഷങ്ങളോടെ ചികിത്സ തേടി.
ചിറ്റൂര്‍, പാലക്കാട് നഗരസഭ, കൊടുമ്പ്, കല്ലടിക്കോട്, പല്ലശ്ശന, മണ്ണാര്‍ക്കാട്, ആലത്തൂര്‍, കുമരംപുത്തൂര്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ശരീരവേദനയും ഉള്ള രോഗികള്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ഉറപ്പാക്കണം.
മലിനജലവുമായി സമ്പര്കം ഉള്ളവര്‍ ഉടന്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. രോഗ പ്രതിരോധത്തിനുള്ള മരുന്നും ചികിത്സയും എല്ലാ സര്‍ക്കാര്‍ അശുപത്രികളിലും സൗജന്യമാണ്. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ എലിപ്പനി; ജനങ്ങൾ ഭീതിയിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ എലിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ ഭീതിയിൽ. ഇതുമൂലം സാധാരണ പനിപോലും ഏറെ ഭയത്തോടെയാണ് ജനങ്ങൾ കാണുന്നത്. പനി കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗപ്രതിരോധ ഗുളിക വിതരണം നടക്കുന്നു.ആശുപത്രികളിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
പട്ടാന്പി താലൂക്കിൽ എലിപ്പനി സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ കഴിഞ്ഞദിവസം മരിച്ചു. തച്ചറകുന്നത്ത് കോയക്കുട്ടി (60)യാണ് മരിച്ചത്. ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനംകുർശി, കാരക്കാട് എന്നിവിടങ്ങളിലായി രണ്ടുപേർക്ക് എലിപ്പനിയുണ്ട്.ചാലിശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു കീഴിൽ നാലുപേർക്കും ഒറ്റപ്പാലത്ത് എട്ടുപേർക്കും എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്തി.
വെള്ളപ്പൊക്കമുണ്ടായ മേഖലയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എലിപ്പനി ബാധിച്ച് ഇവിടെയും ഒരാൾ മരിച്ചിരുന്നു. പാലപ്പുറം, പെരുങ്കുളം കൊടുങ്ങയിൽവീട്ടിൽ ബാലകൃഷ്ണനാണ് (70) സ്വകാര്യ ആശുപത്രിയിൽനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിലേക്കു കൊണ്ടുപോകുന്നതിനിടെ മരണമടഞ്ഞത്.
വെള്ളപ്പൊക്കമുണ്ടായ സമയത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനു മുൻപന്തിയിൽനിന്ന ആളാണ് ഇദ്ദേഹം.ദുരിതാശ്വാസ പ്രവൃത്തികളിൽ ഏർപ്പെട്ടവർ നിർബന്ധമായും പ്രതിരോധമരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചു. പട്ടാന്പിക്കും ഒറ്റപ്പാലത്തിനും പുറമേ കോങ്ങാട് മണ്ഡലത്തിൽ മുണ്ടൂർ ഭാഗത്തും എലിപ്പനി മരണം ഉണ്ടായി. ഏഴക്കാട് ചെന്പക്കര നിർമല (50)യാണ് കഴിഞ്ഞദിവസം മരിച്ചത്.
ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉൗർജിത പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടിയും നടന്നുവരികയാണ്.
പെരുമാട്ടിയിൽ തമിഴ്നാട് സ്വദേശിക്ക് എലിപ്പനി സ്ഥിരീകരിച്ചു
ചിറ്റൂർ: പെരുമാട്ടിയിൽ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കനു എലിപ്പനി. ആനമല പെരിയപോത് മുത്തുസ്വാമി (50)യാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കന്പാലത്തറയിൽ ബന്ധുവീട്ടിലെത്തിയ മുത്തുസ്വാമി പനിയെ തുടർന്നു നാലുദിവസംമുന്‍പാണ് പെരുമാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയത്.
എലിപ്പനി ലക്ഷണത്തെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇയാൾക്ക് പനി കുറയുന്നുണ്ടെന്നും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. താലൂക്കിൽ എലിപ്പനി സ്ഥിരീകരിച്ച ആദ്യത്തെ ആളാണ് മുത്തുസ്വാമി.
പട്ടഞ്ചേരി പഞ്ചായത്തിലും എലിപ്പനി സംശയത്തിൽ ഒരാൾ ചികിത്സയിലുണ്ട്. പനി ബാധിതർ സ്വയംചികിത്സയ്ക്ക് ശ്രമിക്കാതെ ആശുപത്രികളിലെത്തണമെന്നും സമയോചിതമായി ചികിത്സ നടത്തിയാൽ സുഖപ്പെടുത്താനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പെരുമാട്ടി പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാർ പനി കണ്ടെത്തിയ വീട്ടിലും സമീപവീടുകളിലും പ്രതിരോധനടപടികളും ബോധവത്കരണവും നടത്തി. പ്രദേശത്തെ ജലസംഭരണികൾ ക്ലോറിനേഷൻ നടത്തി.