ചേര്‍ത്തല: സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തുകയും ചേര്‍ത്തലയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും അഡീഷണല്‍ തഹസില്‍ദാര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ ഫോണുകള്‍ കൈക്കലാക്കി മുങ്ങിയ കേസിലെ പ്രതിയെ ചേര്‍ത്തലയില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. മറ്റൊരു തട്ടിപ്പില്‍ കോഴിക്കോട് പിടിയിലായ എറണാകുളം വടക്കന്‍പറവൂര്‍ പറമ്പത്തേരില്‍ വേണു എന്ന് വിളിക്കുന്ന ദാനവനെ(54) ആണ് ബുധനാഴ്ച വൈകുന്നേരം ചേര്‍ത്തല കോടതിയില്‍ നിന്നും പോലീസ് തെളിവെടുപ്പിനായി വാങ്ങിച്ചത്.
സെപ്തംബര്‍ അഞ്ചിന് ചേര്‍ത്തല മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈല്‍ കടയിലെ ജീവനക്കാരനെ തന്ത്രപൂര്‍വം കബളിപ്പിച്ച് ഫോണുകള്‍ കൈക്കലാക്കി മുങ്ങിയതാണ് കേസ്. ചേര്‍ത്തല താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ ആണെന്ന വ്യാജേന സ്ഥാപനത്തിലെത്തി ഫോണ്‍ തെരഞ്ഞെടുത്താണ് വെട്ടിപ്പ് നടത്തിയത്. അടുത്തദിവസം പണവുമായിവന്ന് ഫോണ്‍ വാങ്ങാമെന്ന് പറഞ്ഞ് പോവുകയും സ്ഥാപനത്തില്‍ വിശ്വാസ്യത ജനിപ്പിക്കുകയും ചെയ്ത ശേഷം പിറ്റേന്ന് രാവിലെ താലൂക്ക് ഓഫീസിലേക്ക് ഫോണുമായി എത്തുവാന്‍ മൊബൈല്‍ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് താലൂക്ക് ഓഫീസിലെത്തിയ ജീവനക്കാരനില്‍നിന്ന് ഫോണുകള്‍ വാങ്ങിയശേഷം പണം എടുക്കാനെന്ന വ്യാജേന അകത്തേക്ക് പോയയാള്‍ തിരിച്ചെത്തിയില്ല. ഇതോടെയാണ് ജീവനക്കാരന് തട്ടിപ്പ് മനസിലായത്. ഇങ്ങനെയൊരു ജീവനക്കാരന്‍ താലൂക്ക് ഓഫീസില്‍ ഇല്ലായെന്ന് വ്യക്തമായി. തുടര്‍ന്ന് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ തലേന്നാള്‍ പതിഞ്ഞ ദൃശ്യംസഹിതം സ്ഥാപന ഉടമ പോലീസിന് പരാതി നല്‍കുകയും അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ച് വടക്കന്‍ കേരളത്തില്‍ പൊലീസ് പരതിയെങ്കിലും പിടികൂടാനായില്ല.
ദിവസങ്ങള്‍കഴിഞ്ഞ് ഡോക്ടര്‍ ചമഞ്ഞുള്ള മറ്റൊരു തട്ടിപ്പിലാണ് ഇയാള്‍ കോഴിക്കോട് പിടിയിലായത്. റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയെ ചേര്‍ത്തല പോലീസ് കോടതിയെ സമീപിച്ച് കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പിന് എത്തിക്കുകയുമാണ് ചെയ്തത്. മൊബൈല്‍ഫോണ്‍ വ്യാപാരശാലയിലും താലൂക്ക് ഓഫീസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാപാരശാലയിലെ ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞു. മൊബൈല്‍ഫോണ്‍ കൈക്കലാക്കിയത് പ്രതി സമ്മതിച്ചതായി ചേര്‍ത്തല എസ്‌ഐ എ.വി സൈജു പറഞ്ഞു.