വൈ.എസ്. ജയകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ ഇനിയും വൈകും. നിയമ ഭേദഗതികൊണ്ടുവന്നശേഷം മാത്രമേ പിഎസ് സി വഴി നിയമനം നടത്താനാകൂ. ദേവസ്വം ബോര്‍ഡിലെ ഭരണവിഭാഗത്തില്‍ നേരിട്ടുള്ള നിയമനം കുറേക്കാലമായി മുടങ്ങികിടക്കുകയാണ്. ക്ലറിക്കല്‍, മരാമത്ത് വിഭാഗങ്ങളില്‍ നിയമനം നടത്താന്‍ 1994-നുശേഷം മത്സരപരീക്ഷ നടത്തിയെങ്കിലും കോടതികളുടെ ഇടപെടല്‍ കാരണം മുടങ്ങി. 2007-ല്‍ ജി. രാമന്നായര് ദേവസ്വം പ്രസിഡന്റായിരുന്നപ്പോള്‍ ഒരു ഏജന്‍സിയെക്കൊണ്ട് എഴുത്തുപരീക്ഷ നടത്തി. ലിസ്റ്റ് തയാറായെങ്കിലും ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചതോടെ നിയമനം നടത്താന്‍ കഴിഞ്ഞില്ല. പിന്നീടു വന്ന ദേവസ്വം ബോര്‍ഡുകള്‍ നിയമനം നടത്താന്‍ താല്പര്യം കാട്ടിയില്ല. ലിസ്റ്റുപ്രകാരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടന്നുവരികയാണ്.
ഈ കേസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിയമന നടപടികളുമായി മുന്നോട്ടുപോകാനാകൂ. ഇതിനിടെ 2008-ല്‍ ദേവസ്വം ബോര്‍ഡ് നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ് സിക്കു കൈമാറി. പ്രാഥമിക നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് നിയമിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ സി.കെ. ഗുപ്തനും പിന്നീടുവന്ന അഡ്വ. രാജഗോപാലന്‍നായര്‍ക്കും കഴിഞ്ഞില്ല.അഡ്വ. രാജഗോപാലന്‍നായരുടെ ഭരണകാലത്ത് യുഡിഎഫ് അധികാരത്തിലെത്തി. ഇതോടെ നിയമനം പിഎസ് സിക്കു വിട്ടത് റദ്ദാക്കി. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുടെ കടുംപിടിത്തമായിരുന്നു ഇതിന് കാരണം. ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡിനായി നിയമ നിര്‍മാണം നടത്തിയെങ്കിലും നിലവില്‍ വരാന്‍ താമസിച്ചു.
ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്‍എസ്എസിന്റേയും യുഡിഎഫിലെ ഒരു വിഭാഗത്തിലേയും നേതാക്കള്‍ ഒഴികെ ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്്. വിരമിച്ച ഉദ്യോഗസ്ഥരെ കുത്തിനിറയ്ക്കാനുള്ള സംവിധാനമായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് മാറിയതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തതെന്ന് ആക്ഷേപമുയര്‍ന്നു. വിവിധ സമുദായ നേതാക്കളായ വിരമിച്ച ഉദ്യോഗസ്ഥരുടെ ഇടത്താവളമായി റിക്രൂട്ട്മെന്റ് ബോര്‍ഡിനെ മാറ്റിയതിനാല്‍ ഒരു നിയമനം പോലും യുഡിഎഫ് ഭരണകാലത്ത് നടന്നില്ലെന്നാണ് ആക്ഷേപം .
നിലവിലെ സ്ഥിതിയില്‍ ദേവസ്വം നിയമം പിഎസ് സിക്കു വിടണമെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. അല്ലെങ്കില്‍ നിയമസഭയില്‍ നിയമഭേദഗതി കൊണ്ടുവരണം. എന്നാല്‍ മാത്രമേ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇല്ലാതാകുകയുള്ളൂ. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തമ്മില്‍ നടക്കുന്ന ശീതയുദ്ധംകാരണം ദേവസ്വം ബോര്‍ഡില്‍ നിയമനം നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതേസമയം ദേവസ്വം ബോര്‍ഡില്‍ അധിക ജീവനക്കാരുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. അവരെ പുനര്‍ വിന്യസിക്കണമെന്ന നിര്‍ദേശം ഇനിയും നടപ്പായിട്ടില്ല. ആശ്രിത നിയമനവും താഴെത്തട്ടിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റവും ഉള്ളതിനാലാണ് ദേവസ്വം ബോര്‍ഡില്‍ ഭരണപ്രതിസന്ധിയില്ലാതെ കഴിയുന്നത്. നിലവിലെ സ്ഥിതിയില്‍ ദേവസ്വം ബോര്‍ഡ് നിയമനത്തിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത.