മട്ടന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 30 ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ എ. സുരേന്ദ്രനെയാണ് മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ. വിജേഷും സംഘവും പിടികൂടിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദേശമദ്യവും ചാരായവും കടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ. വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട്-ഇരിക്കൂര്‍ റൂട്ടില്‍ നായാട്ടുപാറയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
ചാലോട് ഭാഗത്തുനിന്നു വന്ന കെഎല്‍ 11 യു 8274 നമ്പര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുളളില്‍ ഒളിപ്പിച്ചുവച്ച ചാരായം പിടികൂടിയത്. രണ്ടു കന്നാസിലായിരുന്നു ചാരായം. തുടര്‍ന്ന് സുരേന്ദ്രനെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടിന് സമീപത്ത്നിന്ന് വാറ്റിയെടുക്കുന്ന ചാരായം വില്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. പവിത്രന്, പ്രിവന്റീവ് ഓഫീസര്‍മാരായ ബഷീര്‍ പിലാട്ട്, കെ.സി. ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി. ഷാജി, സി.എം. ഫിറോസ്, പി.വി. വല്സന്, കെ. സുനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ മട്ടന്നൂര്‍ ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.