കാഞ്ഞിരപ്പള്ളി: നൂറാം വയസിലും ചുറുചുറുക്കോടെ കാഞ്ഞിരപ്പള്ളി മടുക്കക്കുഴി മാത്തുപാപ്പന് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിച്ചു. വരും തലമുറയ്ക്കായി 100ാം വയസില്‍ 100 വൃക്ഷത്തൈകള്‍ നട്ടുകൊണ്ടായിരുന്നു മാത്തുപാപ്പന്റെ പിറന്നാള്‍ ആഘോഷം.ജീവിതശൈലി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പുതുതലമുറയ്ക്ക് മുമ്പില്‍ തലയുയര്‍ത്തി നടക്കുകയാണ് നൂറാം വയസിലും മാത്തുപാപ്പന്. 1917 ജൂണ്‍ 13ാം തീയതിയാണ് കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ചെറിയാന് ചാക്കോയുടെയും കൊച്ചുമറിയാമ്മയുടെ ഇളയ മകനായി മാത്യു എം.സി. എന്ന മാത്തു പാപ്പന് ജനിച്ചത്.
1933ല്‍ സ്കൂള്‍ ലിവിംഗ് പരീക്ഷ പാസായ ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും രസകരമാകുന്നത് തന്റെ എട്ടാം ക്ലാസില്‍ വച്ചുള്ള വിവാഹമാണ്. വിവാഹ ശേഷമാണ് ഒമ്പതാം ക്ലാസിലെ പഠനം തുടര്‍ന്നത്. ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും ആറ് പെണ്മക്കളും ഉള്‍പ്പെടെ ഒമ്പത് പേരാണ് മക്കള്‍. 17 കൊച്ചുമക്കളും 16 പേരക്കുട്ടികളും ഇദ്ദേഹത്തിനുണ്ട്.
മണ്ണിനോടും മലമ്പാമ്പിനോടും പടവെട്ടി മണ്ണില്‍ പൊന്ന് വിളയിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ട് തന്നെ ഈ 100ാം വയസിലും മാത്തുപാപ്പന് യാതൊരു അവശതകളുമില്ല.നാട്ടിന് പുറത്തെ പൊതുപ്രവര്‍ത്തന രംഗത്തും മാത്തുപാപ്പന് സജീവ സാന്നിധ്യമായിരുന്നു. ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി ഭാരവാഹിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. നാട്ടുകാരും മക്കളും ബന്ധുമിത്രാദികളും മാത്തുപാപ്പന്റെ 100ാം പിറന്നാള്‍ ആഘോഷമാക്കിമാറ്റുകയായിരുന്നു.