ആലപ്പുഴ: ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുന്നമട കായലില്‍ നടക്കുന്ന ഓളപ്പരപ്പിലെ ഒളിംപിക്സില്‍ പുതിയ ദൂരവും സമയവും കുറിക്കാനുള്ള ഒരുക്കത്തിലാണ് ചുണ്ടന്‍വള്ളങ്ങളും ക്ലബുകളും. ജലോത്സവത്തിന് ഇനി എട്ടു നാളുകള്‍ ബാക്കിനില്‍ക്കെ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും ബോട്ട് ക്ലബുകള്‍ തീവ്ര പരിശീലനത്തിലാണ്.
ജലോത്സവത്തിന്റെ മത്സരഘടനയില്‍ മാറ്റം വന്നതോടെ ഹീറ്റ്സില്‍ ഒന്നാമതായാല്‍ പോര മികച്ച സമയം കുറിച്ചാല്‍ മാത്രമേ ഫൈനലിലേക്ക് പ്രവേശനം കിട്ടുവെന്നതിനാല് പഴയ പരിശീലന രീതികള്‍ മാറ്റി പുതു തന്ത്രങ്ങളാണ് ബോട്ടുക്ലബുകള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമായാണ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലായി പരിശീലനം നടക്കുന്നത്.
25 ചുണ്ടനുകളാണ് ഇത്തവണ നെഹ്റുട്രോഫിയില്‍ എത്തുന്നത്. അഞ്ചു ചുണ്ടനുകള്‍ പ്രദര്‍ശന വിഭാഗത്തിലിറങ്ങുമ്പോള് 20 ചുണ്ടനുകള്‍ ചാച്ചാജിയുടെ കൈയൊപ്പു പതിഞ്ഞ വെള്ളിക്കപ്പ് തങ്ങളുടെ കരയിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് പുന്നമടയിലേക്കെത്തുന്നത്.
കൂടുതല്‍ ദിവസം പരിശീലനം നടത്തുന്നതിനാല്‍ സാമ്പത്തിക ബാധ്യത ക്ലബുകള്‍ക്കു വര്ധിക്കുന്നുണെ്ടങ്കിലും വള്ളം കളിയുടെ ആവേശത്തിന് മുന്നില്‍ ഇതൊന്നും പ്രതിബന്ധമാകുന്നില്ല. കുട്ടനാട്ടിലെ നാട്ടിന്‍പുറങ്ങളില്‍പോലും ഇപ്പോള്‍ വഞ്ചിപ്പാട്ടിനാലും ആര്‍പ്പുവിളികളാലും മുഖരിതമായി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ കുട്ടനാട്ടിലെ വള്ളംകളി പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശത്തിന്റെയും പിരിമുറുക്കത്തിന്റെയും ദിവസങ്ങളാണ്.
13നു വൈകുന്നേരം നടക്കുന്ന ഫൈനല്‍ മത്സരത്തിലെ വിജയി ആരെന്ന് അറിയുന്നതുവരെ ഈ ആവേശവും പിരിമുറുക്കവും ജലോത്സവ പ്രേമികളുടെ സിരകളിലുണ്ടാകും.