കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്മുവിനെ ഇന്നു കുമരകം വരവേല്ക്കും. അടല് ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല് തുടങ്ങിയ പ്രമുഖര് മുന്പ് ടാജില് താമസിച്ചിട്ടുണ്ട്. വേമ്പനാട് കായലോരത്തെ ടാജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല് നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം. ടാജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക.
സംസ്ഥാനത്തുനിന്നും ഡല്ഹിയില്നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര് കുമരകത്തെ മറ്റ് റിസോര്ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്പ്പെടെ വിവിധ കലാപരിപാടികള് ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല് കാഴ്ചകള് ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. നാളെ രാവിലെ ബോട്ടിംഗിനും ക്രമീകരിച്ചിട്ടുണ്ട്.
ടാജ് ഹോട്ടല് എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില് ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില് പങ്കെടുത്തശേഷം രാഷ്ട്രപതി പാലായില്നിന്ന് ഹെലികോപ്ടറില് വൈകുന്നേരം കോട്ടയം പോലീസ് പരേഡ് മൈതാനത്തെത്തും.
അവിടെനിന്ന് റോഡുമാര്ഗമാണു കുമരകത്തേക്കു പോകുക. നാളെ രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്ഗം കോട്ടയത്തെത്തി ഹെലികോപ്ടറിലേക്ക് കൊച്ചിയിലേക്കും പോകും. കോട്ടയം മുതല് കുമരകം വരെ 1,200 പോലീസുകകാരെയാണ് വിന്യസിപ്പിക്കുക.
ബേക്കര് പണിത ബംഗ്ലാവ്
1847ല് ബ്രിട്ടീഷ് മിഷനറിയായ ആല്ഫ്രഡ് ജോര്ജ് ബേക്കര് വേമ്പനാട് കായല് തീരത്തെ 500 ഏക്കര് ചതുപ്പ് രാജാവില്നിന്നു പാട്ടത്തിനെടുത്ത് കൃഷിയിറക്കി. 1881ലാണ് ഇവിടെ ഹിസ്റ്ററി ഹൗസ് എന്ന പേരില് വിക്ടോറിയന് ബംഗ്ലാവ് നിര്മിച്ചത്. 1962ല് മിച്ചഭൂമിയായി സര്ക്കാര് ഏറ്റെടുക്കും വരെ ബേക്കര് കുടുംബത്തിലെ നാലു തലമുറകള് ഈ ബംഗ്ലാവില് താമസിച്ചു.
1982ല് ബംഗ്ലാവും നൂറ് ഏക്കറും കെടിഡിസി ഏറ്റെടുത്തു.1993ല് ബേക്കര് ബംഗ്ലാവ് 99 വര്ഷത്തെ പാട്ടത്തിന് താജ് ഗ്രൂപ്പിനു കൈമാറി. ബംഗ്ലാവിന്റെ ഓല മേഞ്ഞ മേല്ക്കൂരയില് ഓടു മേഞ്ഞതല്ലാതെ വലിയ മാറ്റങ്ങള് വരുത്താതെയാണ് താജ് ഗ്രൂപ്പ് ഹോട്ടലാക്കിയത്.