പഞ്ചായത്തുകള്‍ക്ക് അറവുശാലകളില്ല; ഇറച്ചിവ്യാപാരം തോന്നിയതുപോലെ

alp-aravushalaകൊട്ടാരക്കര: ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും സ്വന്തമായ അറവുശാലകളില്ല. ഇതുമൂലം കശാപ്പും ഇറച്ചിവ്യാ പാരവും തോന്നിയതുപോലെയാണ് നടന്നുവരുന്നത്. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ പൊതുപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും മൗനം പാലിക്കുകയും ചെയ്യുന്നു. ഇറച്ചിവ്യാപാരം കുത്തക ലേലം ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ആധുനിക രീതിയിലുള്ള അറവുശാല ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അറവുശാല സ്വന്തമായില്ലാത്ത പഞ്ചായത്തുകള്‍ക്ക് ഇറച്ചിവ്യാപാരം ലേലം ചെയ്തുനല്‍കാന്‍ അവകാശവുമില്ല. കശാപ്പിന് കൊണ്ടുവരുന്ന മൃഗത്തെ അംഗീകൃത മൃഗഡോക്ടര്‍ പരിശോധിച്ച് രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമമുണ്ട്.

എന്നാല്‍ ഈ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് എല്ലാ പഞ്ചായത്തുകളിലും നടക്കുന്നത്. പൊതുചന്തകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇറച്ചിവ്യാപാര കേന്ദ്രങ്ങളില്‍ പരസ്യമായ കശാപ്പു നടന്നുവരുന്നു. വില്‍ക്കാന്‍വച്ചിരിക്കുന്ന ഇറച്ചി തീരുമ്പോള്‍ വ്യാപാരകേന്ദ്രത്തില്‍തന്നെ വലിയ മറയില്ലാതെയാണ് കശാപ്പ് നടക്കുന്നത്. ആഘോഷവേളകളില്‍ ഒരു നിയമവും പാലിക്കാതെ കശാപ്പും ഇറച്ചിവ്യാപാരവും കിഴക്കന്‍മേഖലകളില്‍ വ്യാപകമാണ്. അവധിദിവസങ്ങളില്‍ അനധികൃത ഇറച്ചിവ്യാപാര കേന്ദ്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നു.

അംഗീകൃതവും  അനധികൃതവുമായ  ഇറച്ചിവ്യാപാര കേന്ദ്രങ്ങളിലൊന്നുംതന്നെ കശാപ്പുചെയ്യുന്ന മൃഗം രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്താറില്ല. ഇതുമൂലം രോഗം ബാധിച്ചവയും ചത്തതുമെല്ലാം വില്‍പ്പനയ്‌ക്കെത്തുന്നു. മിക്ക ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ് ഇവിടം. ഇവ ഇറച്ചി അവശിഷ്ടങ്ങള്‍ വീട്ടുമുറ്റത്തും കിണറുകളിലും കൊണ്ടിടുന്നതും പതിവാണ്.

ലക്ഷക്കണക്കിന് രൂപയ്ക്കാണ് പഞ്ചായത്തുകള്‍ ഇറച്ചിവ്യാപാരം ലേലം ചെയ്തു നല്‍കുന്നത്. വര്‍ഷം ഒരു കോടിയോളം രൂപ ഇറച്ചിലേലം വഴി വരുമാനം ലഭിക്കുന്ന പഞ്ചായത്ത് തന്നെ കൊട്ടാരക്കര മേഖലയിലുണ്ട്. എന്നാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. ഇറച്ചിയുടെ വിലപോലും നിയന്ത്രിക്കുന്നത് വ്യാപാരികളാണ്. ഇതുമൂലം ഇറച്ചിവില അടിക്കടി വര്‍ധിക്കുന്നു,ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പടി നല്‍കേണ്ടതുകൊണ്ട്  വിലവര്‍ധിപ്പിക്കാതെ  വ്യാപാരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത് .

വര്‍ഷാവര്‍ഷം ലേലതുകയും വര്‍ധിപ്പിക്കുന്നു. തൂക്കം കൂടാന്‍കൃത്രിമത്വം കാണിക്കുന്നതും പഴക്കമുള്ള ഇറച്ചിയുടെ വില്‍പ്പനയും നടക്കുന്നു. രോഗബാധിതമായ മൃഗങ്ങളുടെ ഇറച്ചിയും വിറ്റുവരുന്നു. ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷാവകുപ്പോ പഞ്ചായത്ത് അധികൃതരോ ഇറച്ചിവ്യാപാര കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്‍ ഭൂരിപക്ഷവും ഒരു പരിശോധനയ്ക്കും ഇറങ്ങാറില്ല. ഇറച്ചിവ്യാപാരത്തില്‍ ഇപ്പോഴുള്ള നിയമലംഘനങ്ങള്‍ തുടരുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

Related posts