പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രം തുറന്നു; ദുര്‍ഗന്ധവും ഈച്ചശല്യവും രൂക്ഷം

klm-templeപരവൂര്‍ : വെടിക്കെട്ട് ദുരന്തത്തെ തുറന്ന് അടച്ചിട്ടിരുന്ന പുറ്റിംഗല്‍ ദേവീക്ഷേത്രം ഇന്നലെ തുറന്നു.
ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ഇടുക്കി കിഴക്കേവീട് ബിനു  എന്നിവരുടെ കാര്‍മികത്വത്തിലാണ് നടതുറന്നത്. ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ കലശവും പുണ്യാഹവും നടത്തിയാണ് അമ്പലം തുറന്നത്. വഴിപാടുകളും മറ്റും ഒഴിവാക്കി നിത്യപൂജ നടത്തുമെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ ക്ഷേത്രം മാനേജിംഗ് കമ്മിറ്റിയുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ അഞ്ചിനാണ് ക്ഷേത്രം തുറന്നത്. ഇത് നേരത്തേയറിഞ്ഞ് നൂറുകണക്കിന് ഭക്തര്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ക്ഷേത്രത്തിന് മുഖാമുഖമായി തകര്‍ന്നുകിടന്ന പൂപ്പന്തലിന്റെ അവശിഷ്ടങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി.ക്ഷേത്രത്തിന് മുന്‍വശത്തെ കളിത്തട്ടുകളും ക്ഷേത്രത്തിന്റെ കെട്ടിടവും മതിലുകളുമെല്ലാം ഫയര്‍ഫോഴ്‌സ് സംഘം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്.

ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ ചിതറിക്കിടന്ന കണ്ണാടിച്ചില്ലുകളെല്ലാം സന്നദ്ധ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. തുടര്‍ന്ന് ഓഫീസ് മുറികളും എല്ലാവരും ചേര്‍ന്ന് വെടിപ്പാക്കി.വടക്കേകമ്പപ്പുരയ്ക്ക് മുകളില്‍ സ്റ്റേജ് തകര്‍ന്ന് വീണ് കിടക്കുകയായിരുന്നു. ഇതും സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഴിച്ചുമാറ്റി. ക്ഷേത്രപരിസരത്തും തകര്‍ന്ന കമ്പപ്പുരയ്ക്ക് മുന്നിലും ഇപ്പോഴും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രം തുറക്കുന്ന ദിവസം സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരവൂര്‍ പോലീസിന് പരാതികളും ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സാന്നിധ്യത്തിലാണ് അമ്പലം തുറന്നത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൊല്ലത്തെ ഡെപ്യൂട്ടി കളക്ടര്‍ വിജയകുമാര്‍, പരവൂര്‍ വില്ലേജ് ഓഫീസര്‍ ജ്യോതിഷ്കുമാര്‍, സിഐ എസ്.ചന്ദ്രകുമാര്‍, എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവര്‍ രാവിലെതന്നെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.

ദുര്‍ഗന്ധവും ഈച്ചശല്യവും രൂക്ഷം

പരവൂര്‍: ദുരന്തഭൂമിയില്‍ അനുഭവപ്പെടുന്ന ദുര്‍ഗന്ധത്തിന് ഇതുവരെ ശമനമായില്ല. ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന ദുര്‍ഗന്ധം ഇപ്പോള്‍ മറ്റ് പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്.പരവൂര്‍ ജംഗ്ഷനില്‍ നില്‍ക്കുന്നവര്‍ക്കു പോലും മൂക്കുപൊത്തേണ്ട അവസ്ഥ. ദുരന്തം നടന്ന മേഖലയില്‍ ക്ലോറിനേഷന്‍ നടത്തിയിരുന്നു. വെടിമരുന്നിന്റെ അംശമുള്ള മണ്ണിലാണ് ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിന്‍ പൊടി വിതറിയത്. അതിനുശേഷം പെയ്ത മഴയാണ് ഇപ്പോള്‍ ദുര്‍ഗന്ധം വ്യാപിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടുമൂന്ന് ദിവസം അടുത്തടുത്ത് ശക്തമായ മഴ ലഭിച്ചാല്‍ ഇതിന് ശമനമാകും.
രണ്ട് ദിവസമായി പ്രദേശത്തെ വീടുകളില്‍ ഈച്ചകളുടെ ശല്യവും രൂക്ഷമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായാല്‍ മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാകുകയുള്ളൂ.

Related posts