കാട്ടാക്കട : പഴങ്ങളുടെ വില കുതിച്ച് കയറുന്നു. ഏത്തന്‍ പഴത്തിന് കിലോയ്ക്ക് ഇന്നലത്തെ വില 70നും 80നും ഇടയ്ക്കാണ്. രസകദളിക്ക് വില 80. തീര്‍ന്നില്ല പാളയംകോടന്‍ പോലുള്ള മറ്റ് ചെറു പഴങ്ങള്‍ക്ക് കിലോയ്ക്ക് 40രൂപ കൊടുക്കണം . വില വര്‍ധിക്കാന്‍ 2 കാരണങ്ങളാണ് പറയുന്നത് മറ്റ് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പഴങ്ങള്‍ക്കും വില വര്‍ധിച്ചുവെന്നും
കടകളില്‍ പഴങ്ങള്‍ കിട്ടാനില്ലാത്തതിനാലാണ് വില വര്‍ധിക്കാന്‍ കാരണമെന്നുമാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വാഴക്കുലകള്‍ എത്തുന്നത് വല്ലപ്പോഴുമാണ്, മാത്രമല്ല കീടനാശിനി ഉപയോഗിക്കുന്നതിനാല്‍ അത് വാങ്ങുന്നവരും കുറവാണ്. തെക്കന്‍ മേഖലയില്‍ വീശിയടിച്ച കനത്ത കാറ്റും പേമാരിയും കാരണം പലേടത്തും വന്‍ തോതിലാണ് വാഴകള്‍ നശിച്ചത്. മൂപ്പെത്തിയതും അല്ലാത്തതുമായവ നിലം പൊത്തിയിരുന്നു.
വാഴ കൃഷിയില്‍ നിന്നും ഗ്രാമീണ കര്‍ഷകര്‍ പൂര്‍ണമായും പിന്‍വലിഞ്ഞിരിക്കുകയാണ്. വാഴ കൃഷി നടത്തിയിരുന്ന കാട്ടാക്കട, പൂവച്ചല്‍, കള്ളിക്കാട് , മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ ഏക്കറുകണക്കിന് ഏലകളില്‍ ഇപ്പോള്‍ പച്ചക്കറി കൃഷിക്കും നടത്തി വരുകയാണ്. പ്രകൃതി ക്ഷോഭങ്ങളിലും മറ്റും കൃഷി നശിച്ചാല്‍ നാമമാത്ര സഹായം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃഷി ഭവനുകളും വിവിധ ഏജന്‍സികളും വാഴകൃഷിയെ പ്രോഹത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകരിലേക്ക് അത് എത്തുന്നില്ല.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിച്ചാല്‍ ന്യായമായ വില ലഭിക്കാറില്ലെന്നും പരാതിയുണ്ട്. അതേസമയം ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണസംഘങ്ങളും മുഖേന വാഴകൃഷിക്ക് വായ്പ നല്‍കാനും വല്ലാത്ത മടിയാണ്. വരുന്ന ഓണക്കാലത്ത് പഴം കിട്ടാക്കനിയാകുമോ എന്ന ആശങ്കയാണ് നില നില്‍ക്കുന്നത്്.