പിറവം: മേഖലയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവരുന്ന സ്വകാര്യ ബസ് സമരം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ വലയ്ക്കുന്നു. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരമാണ് യാത്രാക്ലേശം വര്‍ധിപ്പിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി യൂണിയന്‍ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവരും ഇതിന്റെ മറവില്‍ ഇവരും പണി ഉപേക്ഷിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പിറവം ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഉള്‍മേഖലയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്നില്ല.
സമരം ആരംഭിച്ചതോടെ കിഴക്കന്‍ മേഖലയില്‍ നിന്നും കൊച്ചിയിലേക്ക് പിറവം വഴി പോകുന്ന ഒരു ഡസനിലധികം സ്വകാര്യ ബസുകള്‍ വഴി മാറിയാണ് സര്‍വീസ് നടത്തുന്നത്. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന വെള്ളൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ കുറവായതിനാല്‍ പിറവത്തേക്കുള്ള ട്രെയിന്‍ യാത്രക്കാരേയും ദുരിതത്തിലാക്കുന്നു. ജില്ലാതലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന വേതന വര്‍ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പിറവം മേഖലയില്‍ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് 1250 രൂപയും, കണ്ടക്ടര്‍ക്ക് 825 രൂപയും, ഡോര്‍ ചെക്കര്‍ക്ക് 725 രൂപയും വേണമെന്നാണ് യൂണിയന്റെ ആവശ്യം.
എന്നാല്‍ അടിക്കടി ഡീസല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു കൂലി വര്‍ധനവ് അംഗീകരിക്കില്ലെന്നും നിലവിലുള്ള വേതനത്തിന് പുറമേ 50 രൂപ കൂടുതല്‍ നല്‍കാമെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്. ദീര്‍ഘദൂര ബസുകളിലും, ഷട്ടില്‍ സര്‍വീസുകളിലും കൂലിക്ക് ഏറ്റക്കുറച്ചിലുകളുള്ളതിനാലാണ് നിലവിലുള്ള വേതനത്തില്‍ നിന്നും 50 രൂപ കൂടുതല്‍ ബസ് ഉടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ലേബര്‍ ഓഫീസറുടെ മുമ്പാകെ ചര്‍ച്ച നടത്തിയതാണങ്കിലും പ്രശ്‌ന പരിഹാരമായില്ല.
സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് കക്കാട്, മാമലശേരി, രാമമംഗലം, കളമ്പൂര്‍, വെട്ടിത്തറ, മണീട്, വെള്ളൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. ടാക്‌സി വാഹനങ്ങളേയാണ് ഇവര്‍ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും എറണാകുളം, മുവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്.
പിറവം നഗരസഭയുടെ നേതൃത്വത്തില്‍ നാളെ അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സമരം പരിപാടിയെ ഏറെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ചെയര്‍മാന്‍ സാബു കെ. ജേക്കബ് തൊഴിലാളി സംഘടന ഭാരവാഹികളുടേയും, ബസ് ഉടമാസംഘത്തിന്റേയും അനുരഞ്ജന യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ബസ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. ഈ സമരം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് നേതാക്കള്‍ ആരോപിച്ചു. യോഗത്തില്‍ നഗരസഭ പ്രസിഡന്റ് ശശി മാധവന്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. കൃഷ്ണകുമാര്‍, വര്‍ഗീസ് പൊന്നാംകുഴി, സജികുമാര്‍, രതീഷ് കക്കാട്, പ്രഭാകരന്‍ നായര്‍, ജോയി പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.