പുതിയ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്കില്ല: മന്ത്രി സി. രവീന്ദ്രനാഥ്

raveendranathതൃശൂര്‍: സംസ്ഥാനത്തു പുതിയ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കില്ലെന്നും അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് കോളജുകളില്‍ പുതിയ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങില്ലെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. എയ്ഡഡ് കോളജുകളില്‍ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങുന്നതു പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയാണു സര്‍ക്കാരിന്റെ നയം. നിലവിലുള്ളവയുടെ നിലവാരം മെച്ചപ്പെടുത്തും.

ഹൈക്കോടതി നിര്‍ദേശപ്രകാരം നിലവിലുള്ള വിദ്യാലയങ്ങളൂടെ ദൂരപരിധിയും മറ്റും വിശദമായി പഠിച്ചതിനു ശേഷമേ പുതിയ വിദ്യാലയങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവ നിലവാരം ഉയര്‍ത്തുകയോ ചെയ്യൂ. പുതിയ വിദ്യാലയങ്ങളെ കുറിച്ചു വിവരശേഖരണത്തിനു ശേഷം മാത്രമേ പുതിയ സ്കൂളുകളും കോളജുകളും അനുവദിക്കുന്ന കാര്യം പരിഗണിക്കൂവെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞസര്‍ക്കാറും സിന്‍ഡിക്കേറ്റും അനുവദിച്ച കോഴ്‌സുകള്‍ പരിശോധിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങുകയും നിലവാരം മെച്ചപ്പെടുത്തുകയും വേണം. ഇക്കാര്യത്തിലാണ് മാനേജുമെന്റുകള്‍ക്ക് ജാഗ്രത വേണ്ടത്. എന്നാല്‍ സ്വാശ്രയ കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് തടസമില്ല.

പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ്, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പൊതുവിദ്യാലയങ്ങളെ മാതൃക വിദ്യാലയങ്ങളും പരിശീലനകേന്ദ്രങ്ങളുമായി ഉയര്‍ത്തും. ഈ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും മാതൃക പൊതുവിദ്യാലയങ്ങളെന്ന പദ്ധതിയുടെ പരിശീലനവും നടത്തുമെന്നു മന്ത്രി പറഞ്ഞു.

Related posts