പെന്‍ഷന്‍ വിതരണം: ഉദ്യമമായി ഏറ്റെടുത്ത് സഹകരണ ബാങ്കുകള്‍

EKM-PENSIONപത്തനംതിട്ട:  വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണ പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേന വീടുകളിലെത്തിത്തുടങ്ങി. കുടിശിക തുക ഉള്‍പ്പെടെ കൈകളില്‍ ലഭിച്ചതോടെ വയോധികര്‍ക്കും വിധവമാര്‍ക്കും ഉള്‍പ്പെട ആശ്വാസം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വര്‍ധിപ്പിച്ച പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള തുകയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതാദ്യമായാണ് സഹകരണ ബാങ്കുകള്‍ മുഖേന തുക നല്‍കുന്നത്. പെന്‍ഷന്‍ തുക നല്‍കിത്തുടങ്ങിയതിനൊപ്പം ഇതില്‍ നിന്നു വിഹിതം തേടി പിരിവുകളും ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനുള്ള സമ്മര്‍ദവും ഉണ്ടാകുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നു.

കര്‍ഷക പെന്‍ഷന്‍, വയോജന പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വിവാഹിതരാകാത്തവര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. നേരത്തെ പോസ്റ്റ് ഓഫീസ് മുഖേനയും പിന്നീട് കൊമേഴ്‌സ്യല്‍ ബാങ്ക് മുഖേനയും വിതരണം ചെയ്തുവന്ന പെന്‍ഷനാണ് സഹകരണ ബാങ്കുകള്‍ മുഖേനയാക്കിയത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഇതാദ്യമായാണ് ഇത്തരത്തിലുള്ള പെന്‍ഷന്‍ വിതരണ ചുമതല ഏല്പിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്ക് മുഖേനയാണ് പ്രാഥമിക ബാങ്കുകള്‍ക്കു പണം നല്‍കുന്നത്.

പ്രാഥമിക ബാങ്കുകള്‍ കളക്ഷന്‍ ഏജന്റുമാര്‍ മുഖേനയും തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ചും പെന്‍ഷന്‍തുക അര്‍ഹരായവരുടെ വീടുകളിലെത്തിക്കാനാണ് നിര്‍ദേശം. ജില്ലയിലെ പ്രാഥമിക ബാങ്കുകള്‍ പെന്‍ഷന്‍ വിതരണം തുടങ്ങിക്കഴിഞ്ഞു. ഉറങ്ങിക്കിടന്ന സഹകരണ മേഖലയ്ക്ക് പുതിയ പദ്ധതി നവോന്മേഷം പകര്‍ന്നതായി ജീവനക്കാര്‍ വിലയിരുത്തി. നേരത്തെ വാണിജ്യബാങ്കുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന പലിശരഹിത പണത്തിന്റെ നിക്ഷേപം സഹകരണബാങ്കുകള്‍ക്കു കൂടി ലഭിക്കുന്നത് ഈ മേഖലയ്ക്ക് ഉണര്‍വേകും.

വാണിജ്യബാങ്കുകളിലെ അക്കൗണ്ടിലൂടെ പെന്‍ഷന്‍ വാങ്ങിവന്നിരുന്നവര്‍ തത്സ്ഥിതി തുടരാന്‍ അറിയിച്ചിട്ടുണ്ടെങ്കില്‍ അതേ നില തുടരുകയാണ് ചെയ്യുന്നത്. പെന്‍ഷന്‍ എത്തരത്തില്‍ എത്തിക്കണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന വിവരശേഖരണം നടത്തിയിരുന്നു. പെന്‍ഷന്‍ തുക അര്‍ഹരായവര്‍ക്കു ലഭിച്ചുതുടങ്ങിയതോടെ ഇതിന്റെ പേരില്‍ രാഷ്ട്രീയനേട്ടത്തിനു ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നു.

ചില ഇടതു പാര്‍ട്ടികള്‍ ഫണ്ടു പിരിവിനും ചില സഹകരണ ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനും നീക്കമുണ്ടെന്നാണ് ആക്ഷേപം. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് തീരുമാനമെന്നും പറയുന്നു. സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്ഷേമപെന്‍ഷന്‍ വിതരണം സിപിഎം പരിപാടിയാക്കി മാറ്റുന്നുവെന്ന് ബിജെപി
പത്തനംതിട്ട: വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണച്ചുമതല പ്രാഥമിക സഹകരണ സംഘങ്ങളെയും സര്‍വീസ് സഹകരണ ബാങ്കുകളെയും ഏല്‍പ്പിച്ചതിലൂടെ വിതരണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ആരോപിച്ചു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ പെന്‍ഷന്‍ വിതരണം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാരെ പെന്‍ഷന്‍ വിതരണത്തിനു ചുമതലപ്പെടുത്തിയത് അപലപനീയവും പദ്ധതി അട്ടിമറിക്കാനുമാണ്. പോസ്റ്റ് ഓഫീസ് മുഖന പദ്ധതി കാര്യക്ഷമമായി നടപ്പാക്കുയാണു വേണ്ടതെന്നും പെന്‍ഷന്‍ തുകയില്‍ കൈയിട്ടുവാരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Related posts